വാഷിങ്ടണ്‍: എച്ച് വണ്‍ ബി ഉള്‍പ്പെടെയുള്ള തൊഴില്‍ വിസകളിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ അമേരിക്കയില്‍ തുടരാനും പുതിയ തൊഴില്‍ദാതാവിനെ കണ്ടെത്താനും അനുവദിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. വ്യാഴാഴ്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ അറിയിപ്പിലാണ് നിയമഭേദഗതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഉഒട) ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശമനുസരിച്ച്, തൊഴില്‍ അവസാനിക്കുന്നതോടെ എച്ച്വണ്‍ ബി വിസ ഉള്‍പ്പെടെയുള്ള ചില വിസകളിലുള്ളവര്‍ക്ക് രാജ്യം വിടേണ്ടിവരും.
നിര്‍ദേശം നടപ്പായാല്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയായേക്കും. രണ്ടാം വട്ടം അധികാരത്തില്‍ എത്തിയതിനു നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. വിദഗ്ധ തൊഴിലാളികള്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചതിന് പുറമെ, പുതിയ പരിശീലന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള യുഎസ് ദൗത്യകേന്ദ്രങ്ങളില്‍ കുടിയേറ്റ വിസയ്ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ അടുത്തിടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
പുതിയ നിയമമാറ്റം ചില കമ്പനികളില്‍ തൊഴില്‍പരമായ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന്ഡിഎച്ച്എസ് നിര്‍ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഒഴിവാകുന്ന ജോലികള്‍ക്ക് പകരം യോഗ്യതയുള്ള അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. ചില സാഹചര്യങ്ങളില്‍, വിദേശ ജീവനക്കാരന്‍ രാജ്യം വിട്ടശേഷം തൊഴിലുടമ വീണ്ടും അപേക്ഷ നല്‍കിയാല്‍ അവര്‍ക്ക് തിരിച്ചെത്താനും സാധിച്ചേക്കും. ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നതിനനുസരിച്ച് തുല്യ യോഗ്യതയുള്ള യുഎസ് തൊഴിലാളികളെ നിയമിക്കുകയോ ക129 പെറ്റീഷന്‍ നടപടിക്രമത്തിലൂടെ മുന്നോട്ടുപോകുകയോ ചെയ്യുമെന്നാണ് ഡിഎച്ച്എസ് വ്യക്തമാക്കുന്നത്.
2017 മുതല്‍ നിലവിലുള്ള 60 ദിവസത്തെ ഗ്രേസ് പിരീഡ് വിദേശ തൊഴിലാളികള്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിനും അമേരിക്ക വിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുമുള്ള സമയമാണ് നല്‍കുന്നത്.1990ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന എച്ച്വണ്‍ ബി വിസ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരെ നിയമിക്കുന്ന ടെക് കമ്പനികള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഡെലോയിറ്റ്, പിഡബ്ല്യുസി, ഏണസ്റ്റ് ആന്‍ഡ് യംഗ്,തുടങ്ങിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, തുടങ്ങിയ ഔട്ട്സോഴ്സിങ് കമ്പനികളും പ്രധാമായും തൊഴിലാളികള്‍ക്കായി എച്ച് വണ്‍ ബി വീസയെ ആശ്രയിക്കുന്നവരാണ്. ബെറാര്‍ഡി ഇമിഗ്രേഷന്‍ ലോയിലെ അഭിഭാഷകര്‍ ഈ മാറ്റം വിദേശ ജീവനക്കാരുടെ പിരിച്ചുവിടലും തൊഴില്‍ അവസാനിപ്പിക്കല്‍ നടപടികളും കൈകാര്യം ചെയ്യാന്‍ എച്ച് ആര്‍ ടീമുകള്‍ക്ക് ലഭിക്കുന്ന സമയപരിധി ഗണ്യമായി കുറയ്ക്കുമെന്ന് പറഞ്ഞു.
നിയമഭേദഗതി നിലവില്‍ വന്നാല്‍ അന്താരാഷ്ട്ര വ്യാപാരി വിസ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ഓപ്പറേറ്റര്‍ വിസ, അന്താരാഷ്ട്ര കമ്പനികളിലെ എക്‌സിക്യൂട്ടീവുകള്‍ക്കും മാനേജര്‍മാര്‍ക്കുമുള്ള വിസ, ശാസ്ത്രം, കായികം, കല തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവുള്ളവര്‍ക്കുള്ള വിസ, പ്രൊഫഷണല്‍ വര്‍ക്കര്‍ വിസ എന്നിവയെയും ബാധിക്കും.
Work visa holders, including H-1B visa holders, must leave the US immediately upon losing their jobs; US moves to end the 60-day grace period.

















