വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിലെ ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. സ്വയം പ്രവര്‍ത്തിക്കുന്നതും റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതുമായ സംവിധാനങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക സൈനിക ചരിത്രത്തിലെ സമാധാനകാലത്തെ ഏറ്റവും വേഗമേറിയ മാറ്റമാണിതെന്നും ഹെഗ്‌സെത്ത് വിശേഷിപ്പിച്ചു. വിര്‍ജീനിയയിലെ മറൈന്‍ കോര്‍പ്‌സ് ബേസ് ക്വാണ്ടിക്കോയില്‍ ജൂനിയര്‍ ഓഫീസര്‍മാരെയും സൈനിക നേതൃത്വത്തെയും അഭിസംബോധന ചെയ്ത് നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദ ഫോഴ്‌സ്’ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
ജനറല്‍, അഡ്മിറല്‍ പദവികളില്‍ 10 ശതമാനം കുറവ് വരുത്താന്‍ കഴിഞ്ഞ വര്‍ഷം ഉത്തരവായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 20 ശതമാനമായി വര്‍ധിപ്പി്ക്കാന്‍ തീരുമാനം. 2027 ജനുവരി ഒന്നിനകം ഇത് നടപ്പാക്കണമെന്നും എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ൈ
അതേസമയം, ഡ്രോണ്‍ യുദ്ധവും സ്വയം പ്രവര്‍ത്തിക്കുന്ന സൈനിക സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനായി പുതിയ ഫോര്‍-സ്റ്റാര്‍ കമാന്‍ഡ് രൂപീകരിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായി. ആധുനിക യുദ്ധമേഖലകളില്‍ ഡ്രോണുകളും മറ്റ് ആളില്ലാ സംവിധാനങ്ങളും കൂടുതല്‍ നിര്‍ണായകമാകുന്നതിനിടെയാണ് നീക്കം. എന്നാല്‍ ഇതിന് ഒരു മാസം മുമ്പ് യൂറോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡ്രോണ്‍ യുദ്ധത്തില്‍ പ്രത്യേക പരിശീലനം നേടിയ ഒരു യുഎസ് ആര്‍മി യൂണിറ്റിനെ പരമ്പരാഗത ഇന്‍ഫന്‍ട്രി ബറ്റാലിയനായി തിരിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുദ്ധരീതികള്‍ അതിവേഗം മാറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം എന്തുകൊണ്ടാണെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടി അംഗങ്ങള്‍ സൈന്യത്തോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സൈനിക പുനഃസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ വലിയ തോതില്‍ ചെലവേറിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ നാവികസേന, വ്യോമസേന, പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ തകര്‍ത്തതായും നിരവധി നേതാക്കളെയും വ്യവസായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടതായും ഹെഗ്‌സെത്ത് അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ ഇടയ്ക്കിടെ അമേരിക്കന്‍, സഖ്യസേനാ കേന്ദ്രങ്ങള്‍ക്കെതിരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നതായും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ, സൈനിക കപ്പലുകള്‍ക്ക് ഭീഷണി ഉയര്‍ത്താനുള്ള ശേഷി നിലനിര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനറല്‍, അഡ്മിറല്‍ പദവികളിലെ പുതിയ വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തെ കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ വിമര്‍ശിച്ചു. സൈന്യത്തിന്റെ ഉന്നത നേതൃത്വത്തെ ശുദ്ധീകരിക്കുന്ന നടപടിയാണിതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം മുന്‍ നേവി കോംബാറ്റ് പൈലറ്റും നാസ ബഹിരാകാശ സഞ്ചാരിയുമായ ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് കെല്ലി, സൈനിക നേതൃത്വത്തില്‍ ഹെഗ്‌സെത്തിന് ആഴത്തിലുള്ള അതൃപ്തിയുണ്ടെന്നും ഒരു തലമുറയിലെ മികച്ച സൈനിക നേതാക്കളെ പുറത്താക്കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം, റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് റൗണ്ട്‌സ് തീരുമാനം സംബന്ധിച്ച ഹെഗ്‌സെത്തിന്റെ വിശദീകരണം ആദ്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
20 percent of General and Admiral ranks in the US military will be cut.
















