കാനഡയിലെ മറൈന്‍ ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ തീം പാര്‍ക്കിലേക്ക് മാറ്റിയ ബെലൂഗ തിമിംഗലം ചത്തു

കാനഡയിലെ മറൈന്‍ ലാന്‍ഡില്‍നിന്ന് കാലിഫോര്‍ണിയയിലെ തീം പാര്‍ക്കിലേക്ക് മാറ്റിയ ബെലൂഗ തിമിംഗലം ചത്തു

കാലിഫോര്‍ണിയ: കാനഡയിലെ അടച്ചുപൂട്ടിയ മറൈന്‍ലാന്‍ഡ് കേന്ദ്രത്തില്‍നിന്ന് കാലിഫോര്‍ണിയയിലെ സീ വേള്‍ഡ് സാന്‍ ഡിയേഗോയിലേക്ക് മാറ്റിയ ബെലൂഗ തിമിംഗലം ചത്തു. ഒന്‍പത് വയസുള്ള ആണ്‍ തിമിംഗലമായ സൈപ്രസാണ് മരിച്ചത്. വെള്ളിയാഴ്ച ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്ന് നടത്തിയപരിശോധനയില്‍ കുടലിന്റെ പ്രവര്‍ത്തനത്തില്‍ അസ്വാഭാവികത കണ്ടെത്തിയതായി സീ വേള്‍ഡ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സൈപ്രസിനെ സാന്‍ ഡിയേഗോയിലെ കേന്ദ്രത്തിലെത്തിച്ചത്.

സൈപ്രസ് പുതിയ അന്തരീക്ഷവുമായി നന്നായി പൊരുത്തപ്പെട്ടുവരികയായിരുന്നുവെന്നും പതിവായി ഭക്ഷണം കഴിക്കുകയും പരിശീലകരുമായും മൃഗപരിപാലന സംഘവുമായും ഇടപഴകുകയും ചെയ്തിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. മറൈന്‍ലാന്‍ഡില്‍നിന്ന് രക്ഷപ്പെടുത്തി എത്തിച്ച മറ്റ് രണ്ട് ബെലൂഗ തിമിംഗലങ്ങളുമായും സൈപ്രസ് ഇടപഴകിയിരുന്നു. എന്നാല്‍, ബെലൂഗകള്‍ക്ക് ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കണ്ടെത്താന്‍ പ്രയാസമാണ്.

ഒന്റാറിയോയിലെ നയാഗ്ര ഫാള്‍സിലുള്ള മറൈന്‍ലാന്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് കാനഡയില്‍ ശേഷിച്ചിരുന്ന തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും പരിപാലിക്കാന്‍ കഴിയില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രത്തിലുണ്ടായിരുന്ന 30 ബെലൂഗ തിമിംഗലങ്ങളെയും നാല് ഡോള്‍ഫിനുകളെയും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍, മാറ്റിപ്പാര്‍പ്പിച്ച മൃഗങ്ങളില്‍ തുടര്‍ച്ചയായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. സാന്‍ ഡിയേഗോയിലെ പരിചരണത്തിലുള്ള മറ്റ് ബെലൂഗകളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും അവയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സൈപ്രസിന്റെ മരണത്തെക്കുറിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായശേഷം കണ്ടെത്തലുകള്‍ യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനുമായി പങ്കുവയ്ക്കുമെന്നും സീ വേള്‍ഡ് അറിയിച്ചു. രക്ഷപ്പെടുത്തിയ ബെലൂഗകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഗണ്യമായ സമയം വേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മറൈന്‍ലാന്‍ഡില്‍നിന്ന് മാറ്റിയെത്തിച്ച മൃഗങ്ങളുടെ പരിചരണം ദീര്‍ഘകാലം നീളുന്ന പ്രക്രിയയായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തില്‍ എത്തിച്ച 27 വയസുള്ള പെണ്‍ ബെലൂഗ കാസ്പിയനും രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. ഭക്ഷണം ശരിയായി കഴിക്കാതിരുന്നതും രക്തത്തിലെ ഇലക്ട്രോലൈറ്റ് നിലയില്‍ അസ്വാഭാവികത കണ്ടെത്തിയതുമാണ് കാസ്പിയന്റെ ആരോഗ്യനില വഷളാക്കിയത്. മറൈന്‍ലാന്‍ഡില്‍നിന്ന് മാറ്റിയെത്തിച്ച പീക്കാച്ചു, റെയിന്‍ എന്നീ രണ്ട് തിമിംഗലങ്ങള്‍ക്കും നേരത്തേ നിലനിന്നിരുന്ന ദീര്‍ഘകാല രോഗങ്ങളുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി ഷെഡ് അക്വേറിയം അറിയിച്ചു. സ്‌പെയിനിലെ ഓഷ്യനോഗ്രാഫിക് വലന്‍സിയ കേന്ദ്രത്തിലെത്തിച്ച ജെല്ലി ബീന്‍ എന്ന ബെലൂഗയും എക്കോ എന്ന ഡോള്‍ഫിനും ചത്തിരുന്നു.

A beluga whale that was moved from MarineLand in Canada to a theme park in California has died.

Share Email
LATEST excelnclexrn
More Articles
Top