അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തില്‍ അഭിമാനകരമായ മറ്റൊരു അധ്യായം കുറിച്ചുകൊണ്ട് അമേരിക്കയിലെ ഫിലാഡല്‍ഫിയയിലും കാനഡയിലെ ടൊറന്റോയിലും ക്നാനായ സമൂഹം സ്വന്തമായി ദേവാലയങ്ങള്‍ സ്വന്തമാക്കി. പ്രവാസി ക്നാനായ സമൂഹത്തിന്റെ ദീര്‍ഘകാല സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ ഈ നേട്ടം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറുകയാണ്.
ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ക്നാനായ കാത്തലിക് റീജിയന്റെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷനും കാനഡയിലെ മിസ്സിസാഗാ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുമാണ് പുതിയ ദേവാലയങ്ങള്‍ സ്വന്തമാക്കിയത്. വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ അജപാലന, ആത്മീയ, സാമൂഹിക വളര്‍ച്ചയ്ക്ക് കരുത്തുപകരുന്ന നിര്‍ണായക ചുവടുവയ്പ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ഫിലാഡല്‍ഫിയയില്‍ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമായി
ഫിലാഡല്‍ഫിയയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു ദേവാലയവും വിശ്വാസപരിശീലനത്തിനും കുടുംബകൂട്ടായ്മകള്‍ക്കും വിവിധ ഇടവക പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ സൗകര്യങ്ങളുമുള്ള ഒരു കേന്ദ്രം എന്നത്. ഈ സ്വപ്നമാണ് പുതിയ ദേവാലയം സ്വന്തമാക്കിയതോടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
പെന്‍സില്‍വേനിയയിലെ 749 Durham Road, Newtown, PA എന്ന വിലാസത്തില്‍ സ്ഥിതി ചെയ്യുന്ന 5.44 ഏക്കര്‍ സ്ഥലവും ദേവാലയവും ഉള്‍പ്പെടുന്ന സമുച്ചയമാണ് ഫിലാഡല്‍ഫിയ ക്നാനായ സമൂഹം സ്വന്തമാക്കിയത്.
മിഷന് ഡയറക്ടര്‍ ബഹു. ഫാ. ബിബി തറയിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരും ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസസമൂഹവും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമങ്ങളുടെയും സഹകരണത്തിന്റെയും ഫലമാണ് ഈ നേട്ടം. വിശ്വാസികളുടെ പ്രാര്‍ത്ഥനയും സാമ്പത്തിക പിന്തുണയും ത്യാഗസന്നദ്ധതയും ഉദാരമായ സഹകരണവും ഈ സ്വപ്നസാക്ഷാത്കാരത്തിന് അടിത്തറയായി.
പുതിയ ദേവാലയം സ്വന്തമാക്കിയതോടെ ന്യൂയോര്‍ക്ക് ക്നാനായ കത്തോലിക്കാ ഫൊറോനയിലെ നാലാമത്തെ ദേവാലയമായും ക്നാനായ കാത്തലിക് റീജിയന്റെ പതിനാറാമത്തെ ദേവാലയമായും ഫിലാഡല്‍ഫിയയിലെ ദേവാലയം മാറുന്നു.
ടൊറന്റോയിലും ക്നാനായ സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമം
കാനഡയിലെ ടൊറന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും സ്വന്തമായി ഒരു ദേവാലയം എന്ന ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഒന്റാറിയോയിലെ സെന്റര്‍ വെല്ലിംഗ്ടണില്‍ മൂന്ന് ഏക്കര്‍ സ്ഥലത്തോടുകൂടിയ ദേവാലയമാണ് ഇടവക സ്വന്തമാക്കിയത്.
വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും നിരന്തര പരിശ്രമങ്ങളുടെയും ഫലമായാണ് ഈ ചരിത്രനേട്ടം കൈവരിക്കാനായത്.
ഇടവക വികാരി ബഹു. ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാര്, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഡയറക്ടറേറ്റ് ബോര്‍ഡ് അംഗങ്ങള്‍, വിശ്വാസസമൂഹം എന്നിവര്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ദേവാലയം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായത്.
The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനത്തിന്റെ കീഴില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണിത്. കാനഡയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് പുതിയ ദേവാലയം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
വിശ്വാസസമൂഹത്തിന് നന്ദിയും ആശംസകളുമായി മോണ്‍. തോമസ് മുളവനാല്‍
ഫിലാഡല്‍ഫിയയിലും ടൊറന്റോയിലും ദേവാലയങ്ങള്‍ സ്വന്തമാക്കുന്നതിനായി പ്രാര്‍ത്ഥനയിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും വിവിധ തലങ്ങളിലുള്ള സഹകരണങ്ങളിലൂടെയും പിന്തുണ നല്കിയ എല്ലാവര്ക്കും ക്നാനായ കാത്തലിക് റീജിയന് ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഹൃദയപൂര്‍വമായ നന്ദി അറിയിച്ചു.
വടക്കേ അമേരിക്കയിലെ ക്നാനായ കുടിയേറ്റ സമൂഹത്തിന്റെ അജപാലന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും ആത്മീയ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുമായി അഭിവന്ദ്യ പിതാക്കന്മാരും വൈദികരും നല്‍കിവരുന്ന നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ മഹത്തായ സംരംഭങ്ങളുടെ വിജയത്തിനായി കൈകോര്‍ത്ത വിവിധ ഇടവകകള്‍ക്കും വിശ്വാസസമൂഹങ്ങള്‍ക്കും വ്യക്തികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
”നമ്മുടെ വിശ്വാസസമൂഹത്തിന്റെ കൂട്ടായ പ്രാര്‍ത്ഥനയും ഐക്യവും ത്യാഗവും ഉദാരമായ സഹകരണവും ചേര്‍ന്നാണ് ഈ ദേവാലയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. ഈ മഹത്തായ സംരംഭങ്ങളില്‍ പങ്കുചേര്‍ന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും ത്യാഗങ്ങള്‍ക്കും ഉദാരമായ സംഭാവനകള്‍ക്കും ദൈവം തക്ക പ്രതിഫലം നല്കട്ടെ,” എന്ന് മോണ്‍. തോമസ് മുളവനാല്‍ ആശംസിച്ചു.
വടക്കേ അമേരിക്കയിലെ ക്നാനായ കുടിയേറ്റ സമൂഹത്തിന്റെ അജപാലന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിശ്വാസപരിശീലനം, കുടുംബകൂട്ടായ്മകള്‍, യുവജന ശുശ്രൂഷകള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, വരുംതലമുറയുടെ വിശ്വാസപാരമ്പര്യ സംരക്ഷണം എന്നിവയ്ക്ക് പുതിയ ദേവാലയങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസഭൂമിയില് വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നേറുന്ന ക്നാനായ സമൂഹത്തിന് ഫിലാഡല്‍ഫിയയിലെയും ടൊറന്റോയിലെയും ഈ നേട്ടങ്ങള്‍ പുതിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പകരുന്നത്. ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന
യും ഐക്യവും കൂട്ടായ പരിശ്രമവും ഒത്തുചേരുമ്പോള്‍ ദീര്‍ഘകാല സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നതിന്റെ സാക്ഷ്യമായി ഈ രണ്ടു ദേവാലയങ്ങളും മാറുകയാണ്.
A proud moment for the Knanaya community in North America; dedicated churches established in Philadelphia and Toronto.



















