വാഷിംഗടണ്‍: അമേരിക്കയിലെ എല്ലാ കുട്ടികള്‍ക്കും തന്റെ കമ്പനിയായ സ്പേസ് എക്സിന്റെ ഓരോ ഓഹരി വീതം അടുത്ത വര്‍ഷം നല്‍കുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് സാമൂഹികമാധ്യമത്തിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ 18 വയസില്‍ താഴെയുള്ള ഏകദേശം 7.3 കോടി കുട്ടികളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം ഓരോ ഓഹരി വീതം നല്കുകയാണെങ്കില് പ്രഖ്യാപനത്തിന്റെ ആകെ മൂല്യം ഏകദേശം 10.66 ബില്യണ്‍ ഡോളറാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഓഹരികള്‍ എങ്ങനെ വിതരണം ചെയ്യുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ മസ്ക് പുറത്തുവിട്ടിട്ടില്ല. ഇത് ഇത്തരത്തിലുള്ള നിരവധി പദ്ധതികളില്‍ ആദ്യത്തേതായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് പുതിയൊരു പൊതുപ്രയോജന ഫണ്ടിലേക്ക് തങ്ങളുടെ അഞ്ച് ശതമാനം ഓഹരികള്‍ മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്കിന്റെ നീക്കം. ഞായറാഴ്ച സാമൂഹിക മാധ്യമത്തില്‍ ആന്ത്രോപിക് പങ്കുവെച്ച പ്രഖ്യാപനത്തിന് മറുപടിയായാണ് ഓഹരികള്‍ നേരിട്ട് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതാണ് ഉചിതമെന്ന് മസ്ക് അഭിപ്രായപ്പെട്ടത്. ആന്ത്രോപിക് പബ്ലിക് ബെനിഫിറ്റ് ഫണ്ട് എന്ന പേരില്‍ കമ്പനിക്കുള്ളില്‍ പുതിയൊരു സ്ഥാപനം രൂപീകരിക്കുമെന്നും അതിലേക്കായിരിക്കും ഓഹരികള്‍ കൈമാറുകയെന്നും കമ്പനി അറിയിച്ചു. ഓഹരികളുടെ മൂല്യം വര്‍ധിക്കുന്നതിനനുസരിച്ച് ഫണ്ടിന്റെ മൂല്യവും ഉയരാനിടയുണ്ട്. ലാഭലക്ഷ്യങ്ങള്ക്കൊപ്പം സാമൂഹികപ്രയോജനവും പരിഗണിക്കുന്ന രീതിയിലാണ് ആന്ത്രോപിക് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അതിവേഗ വളര്‍ച്ചയെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍. അസോസിയേറ്റഡ് പ്രസ്-നോര്‍ക്ക് സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് റിസര്‍ച്ച് നടത്തിയ പുതിയ അഭിപ്രായ സര്‍വേയില്‍ 64 ശതമാനം അമേരിക്കക്കാരും എഐയുടെ വികസനം അമിതവേഗത്തിലാണെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം പേര് നിലവിലെ വേഗം ശരിയാണെന്ന് കരുതുമ്പോള്‍ എട്ട് ശതമാനം പേര് മാത്രമാണ് വികസനം വളരെ മന്ദഗതിയിലാണെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെയ്, ഓപ്പണ്‍എഐ മേധാവി സാം ആള്ട്ട്മാന്, മസ്ക് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യവസായ നേതാക്കള്‍ എഐ വികസനത്തിന്റെ വേഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കമ്പനികള്‍ തമ്മിലുള്ള മത്സരവും ലാഭലക്ഷ്യങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പും ഏകോപിത നിയന്ത്രണനീക്കങ്ങള്ക്ക് വെല്ലുവിളിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകളിലും മസ്കിന്റെ സാമ്പത്തിക ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം ജൂലൈ മുതല്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 276 ദശലക്ഷം ഡോളറിലധികം അദ്ദേഹം സംഭാവന ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആന്ത്രോപിക് വലിയൊരു പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്. നവംബര്‍ മാസത്തോടെ ഐപിഒ നടത്താനുള്ള സാധ്യത കമ്പനി പരിഗണിക്കുന്നതായും ജൂണില്‍ അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ രഹസ്യമായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭം നേടുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പബ്ലിക് ബെനിഫിറ്റ് കോര്പ്പറേഷന് എന്ന നിലയിലാണ് ആന്ത്രോപിക് സ്ഥാപിക്കപ്പെട്ടത്.
A share of SpaceX for every child in America; Musk makes a major announcement.



















