Caritas hospital

‘ഹൃദയത്തിന്റെ കൈയ്യൊപ്പുകള്‍’ ചാര്‍ത്തിയ കവിതാ വസന്തം; കേരള റൈറ്റേഴ്‌സ് ഫോറം സാഹിത്യ ചര്‍ച്ച

‘ഹൃദയത്തിന്റെ കൈയ്യൊപ്പുകള്‍’ ചാര്‍ത്തിയ കവിതാ വസന്തം; കേരള റൈറ്റേഴ്‌സ് ഫോറം സാഹിത്യ ചര്‍ച്ച

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: ഗ്രീഷ്മത്തിന്റെ അവസാന നിമിഷങ്ങള്‍. ഇനി ശരത് തുടങ്ങുകയായി. ഈ മാറ്റം തുടരുന്ന ഒരു ഒഴുക്കുപോലെയാണ്. വരും ദിനങ്ങള്‍ പൊയ്കകളില്‍ കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പ്. വൃക്ഷങ്ങളില്‍ ക്രമേണ സുവര്‍ണത! ഇലകൊഴിച്ചില്‍ ദുഃഖത്തിന്റെ ഭാവമാണോ..? അതോ ജീവിതത്തിന്റെ നഷ്ടബോധമോ..? എന്തോ ഒന്ന് കഴിഞ്ഞുപോകുന്നു. ആ നഷ്ടവും ഒരു ആഘോഷമാണല്ലോ..? എത്ര മനോഹരമായിട്ടാണ് പ്രകൃതി കാലങ്ങളെ നിയന്ത്രിച്ചിരിക്കുന്നത്. നിറങ്ങള്‍ നിറഞ്ഞ ഓണക്കാലം കഴിഞ്ഞു. മലയാള മനസ്സിനൊപ്പം മലയാളി ഉടയാടയും സദ്യയും വേണ്ടുവോളം ആസ്വദിച്ചു.

ഈ പശ്ചാത്തലത്തിലാണ് ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ സെപ്റ്റംബര്‍ യോഗം മസാല ഹട്ട് റെസ്റ്റേറന്റില്‍ നടന്നത്. പുതുമയ്ക്കു വേണ്ടി ആഗ്രഹിക്കുന്ന വിദ്വല്‍ സദസ്സ്. അപ്പോള്‍ യാദൃശ്ചികമായോ അല്ലാതെയോ ഉഷാ നായരുടെ ‘ഹൃദയത്തിന്റെ കൈയ്യൊപ്പുകള്‍’ എന്ന കവിതാ സമാഹാരം ചര്‍ച്ചയ്ക്ക് എടുത്തു. ഈ പുസ്തകത്തിന്റെ അവതാരികകാരനായ സുരേന്ദ്രന്‍ നായര്‍ തന്നെയാണ് മുഖ്യ പ്രഭാഷകനായി കവിതാ സമാഹാരം സദസ്യര്‍ക്ക് പരിചയപ്പെടുത്തിയതും.

അവതാരികയില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ”ആശയങ്ങള്‍ കൊണ്ട് ആസ്വാദ്യമാക്കുന്നതോടൊപ്പം ശ്രവണ സുഖവും ഭാവമാധുര്യവും പകര്‍ന്നുകൊണ്ട് ഉഷാനായര്‍ അവരുടെ കവന പാടവം സഹൃദയ സമക്ഷം വെളിപ്പെടുത്തുന്നു. സത്യസന്ധമായ അനുഭവങ്ങളാണ് സാഹിത്യ സൃഷ്ടികളുടെ യഥാര്‍ത്ഥ ഉറവിടം. ഹൃദയത്തില്‍ ഉറയ്ക്കുന്ന അനുഭവങ്ങള്‍ ക്രമേണ ഭാവനയുടെ ചൂടും വികാരങ്ങളുടെ ആര്‍ദ്രതയും കൊണ്ട് വികസിക്കുമ്പോള്‍ അതൊരു കവിതയായോ കഥയായോ മാറുന്നു. ആത്മകഥാംശം ഒളിഞ്ഞുനോക്കുന്ന ഈ സമാഹാരത്തിലെ ചില കവിതകള്‍ ഗൃഹാതുരത്വത്തിന്റെ അമിതഭാരവും പേറുന്നുണ്ട്…”

ആദ്യ കവിതാ സമാഹാരമാണെങ്കിലും ഉഷാനായരുടെ കവിതകള്‍ ഇതിനകം അമേരിക്കയില വിവിധ സാഹിത്യ സദസ്സുകളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ലാളിത്യം, ഏകാന്തത, ദുഃഖത്തിന്റെ നേര്‍ത്ത നിമിഷങ്ങള്‍ തുടങ്ങിയവയാണ് ഈ കവികതകളെ ആസ്വാദ്യകരമാക്കുന്നതെന്ന് സദസ്യര്‍ നിരീക്ഷിച്ചു. എ.സി ജോര്‍ജ്, ജോസഫ് പൊന്നോലി, ജോജി ജേക്കബ്, സജി കൊല്ലന്തറ, ജെയിംസ് ചാക്കോ, മാത്യു നെല്ലിക്കുന്ന്, ഡോളി കാച്ചപ്പിള്ളി, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മോട്ടി മാത്യു, ജോസഫ് തച്ചാറ, റോയ് തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗം പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാവുമായ ജോര്‍ജ് എബ്രഹാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് അമേരിക്കയിലെ പ്രമാണിമാരെന്ന് അഭിനയിക്കുന്ന ചിലരുടെ പൊങ്ങച്ച രീതികളെ പരിഹസിച്ചും വിമര്‍ശിച്ചും എ.സി ജോര്‍ജ് ഒരു ലഘു പ്രഭാഷണം നടത്തി. ഈ ചര്‍ച്ചയിലും സദസ്യര്‍ സജീവമായി പങ്കെടുത്തു. റൈറ്റേഴ്‌സ് അംഗങ്ങള്‍ തങ്ങളുടെ സുഹൃത്തായിരുന്ന ജോര്‍ജ് ഏബ്രഹാമിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച സംസാരിച്ചു.

മോട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന്, അടുത്ത ആന്തോളജിയിലേക്കുള്ള ലേഖനങ്ങള്‍ അംഗങ്ങള്‍ സമര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു, അടുത്ത യോഗം 2026 ഒക്ടോബര്‍ 18-ന് നടക്കുമെന്ന് അറിയിച്ചു. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയുടെ ചുമതല മോട്ടി മാത്യു നിര്‍വഹിച്ചു. മാത്യു നെല്ലിക്കുന്ന് നന്ദി രേഖപ്പെടുത്തി.


ഫോട്ടോ: മോട്ടി മാത്യു

A Springtime of Poetry Bearing the ‘Signatures of the Heart’; Kerala Writers Forum Holds Literary Discussion

Share Email
LATEST excelnclexrn
More Articles
Top