തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലാതെയാണ് സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന വിമർശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖാമൂലം നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഹൈക്കമാൻഡിനെ അറിയിക്കും. പിസിസി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്.
ഇതിനിടയിൽ അടൂർ പ്രകാശിന്റെ വിമർശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദീകരിക്കാൻ എഐസിസി നേതൃത്വവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി തീരുമാനങ്ങൾ മുന്നണി നേതൃത്വത്തെ അറിയിക്കുന്നില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ പരാതി. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി ഉന്നയിച്ചത്.
മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനത്തിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം. ഈ തീരുമാനത്തിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, അടൂർ പ്രകാശിനെതിരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് പരാതി നൽകാൻ വി.ഡി. സതീശൻ പക്ഷവും നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിലെ കോൺഗ്രസിനുള്ളിലെ ഭിന്നതയിൽ ഹൈക്കമാൻഡ് ഇടപെടുമോ എന്നതാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ ഹൈക്കമാൻഡ് പ്രത്യേക സമിതിയെ നിയോഗിക്കുമോയെന്നതും ശ്രദ്ധേയമാണ്.














