കേരള-കർണാടക മുഖ്യമന്ത്രിമാർക്കെതിരെ സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം, വെളിപ്പെടുത്തിയത് ഡികെ ശിവകുമാർ തന്നെ; ‘ഒരു വ്യവസായി മെറ്റാ എഐ ഗ്ലാസുകൾ ധരിച്ചെത്തി’

കേരള-കർണാടക മുഖ്യമന്ത്രിമാർക്കെതിരെ സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം, വെളിപ്പെടുത്തിയത് ഡികെ ശിവകുമാർ തന്നെ; ‘ഒരു വ്യവസായി മെറ്റാ എഐ ഗ്ലാസുകൾ ധരിച്ചെത്തി’

കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം നടന്നതായി ആരോപണം. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡി.കെ. ശിവകുമാര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. മെറ്റാ എഐ (Meta AI) ഗ്ലാസുകള്‍ ധരിച്ച് തന്നെ കാണാന്‍ വന്ന ഒരു വ്യവസായിയാണ് ഈ രഹസ്യ ഓപ്പറേഷന് പിന്നിലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബിസിനസുകാരന്‍ എന്ന വ്യാജേനയെത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വ്യക്തിയുടെ പെരുമാറ്റവും പ്രത്യേക കണ്ണടയുമാണ് തന്നിൽ സംശയം ജനിപ്പിച്ചതെന്ന് ശിവകുമാർ പറഞ്ഞു.

തനിക്കും കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിക്കും പുറമെ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിലും സന്ദര്‍ശകന്‍ ഈ മെറ്റാ കണ്ണട ധരിച്ചിരുന്നതായി ശിവകുമാർ വ്യക്തമാക്കി. എന്നാല്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ കണ്ടപ്പോള്‍ ഇയാൾ കണ്ണട ധരിച്ചിരുന്നില്ലെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. സന്ദർശകന്റെ ശരീരഭാഷയും ലക്ഷ്യങ്ങളും മുഖം നോക്കിയാൽ തിരിച്ചറിയാൻ സാധിക്കുമെന്നും, അത്തരത്തിലുള്ള മുൻകരുതലാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇത്തരം രഹസ്യ സ്റ്റിംഗ് ഓപ്പറേഷനുകളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നും, അതിനാൽ നേതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി. എങ്കിലും, വിവാദത്തിന് പിന്നിലുള്ള ആ വ്യവസായി ആരാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോൾ പരസ്യമായി പറയാന്‍ കഴിയില്ലെന്നും, ഉചിതമായ സമയത്ത് കൂടുതൽ തെളിവുകളും വിവരങ്ങളും പുറത്തുവിടുമെന്നുമാണ് ഡി.കെ. ശിവകുമാർ അഭിമുഖത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഈ എഐ സ്റ്റിംഗ് ഓപ്പറേഷൻ നീക്കം ദേശീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
LATEST excelnclexrn
Top