ന്യൂയോര്‍ക്കില്‍ കുതിരവണ്ടി സവാരിക്ക് നിരോധനം; 2028 ജൂണ്‍ ഒന്നോടെ സര്‍വീസ് അവസാനിപ്പിക്കും

ന്യൂയോര്‍ക്കില്‍ കുതിരവണ്ടി സവാരിക്ക് നിരോധനം; 2028 ജൂണ്‍ ഒന്നോടെ സര്‍വീസ് അവസാനിപ്പിക്കും

ന്യൂയോര്‍ക്ക് : നഗരത്തില്‍ കുതിരവണ്ടി സവാരിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സിറ്റി കൗണ്‍സില്‍ തീരുമാനം. സെന്‍ട്രല്‍ പാര്‍ക്കില്‍ കുതിരവണ്ടിയില്‍ യാത്ര ചെയ്യുന്നതിനിടെ 18 വയസുള്ള ഇന്ത്യന്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച സിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ നിരോധന നിര്‍ദേശത്തെ അനുകൂലിച്ച് 40 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. . രണ്ടുപേര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 2028 ജൂണ്‍ ഒന്നോടെ കുതിരവണ്ടി സര്‍വീസുകള്‍ പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം.

‘റോമാഞ്ച് നിയമം’ എന്നറിയപ്പെടുന്ന ബില്‍ പ്രകാരം കുതിരവണ്ടി സര്‍വീസുകള്‍ക്കായി പുതിയ ലൈസന്‍സുകള്‍ അനുവദിക്കില്ല. നിലവിലുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. കുതിരവണ്ടികള്‍ മൂലമുണ്ടായ അപകടങ്ങളും പൊതുജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ സംഘടനകളും സെന്‍ട്രല്‍ പാര്‍ക്ക് സംരക്ഷണ പ്രവര്‍ത്തകരും വര്‍ഷങ്ങളായി നിരോധനം ആവശ്യപ്പെട്ടുവരികയായിരുന്നു. മുന്‍ മേയര്‍മാരായ ബില്‍ ഡി ബ്ലാസിയോയും എറിക് ആഡംസും നിരോധനത്തിനായി ശ്രമിച്ചിരുന്നെങ്കിലും സിറ്റി കൗണ്‍സിലില്‍ ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല.

ഈ വര്‍ഷം വേനല്‍ക്കാലത്താണ് നിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമായത്. ഇന്ത്യന്‍ വിനോദസഞ്ചാരിയായ റോമാഞ്ച് മഹാജന്‍ എന്ന 18 കാരന്‍ കുതിരവണ്ടിയിലിരിക്കെ കുതിര നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ പ്രകാരം, കുതിരവണ്ടി മറ്റൊരു വണ്ടിയുടെ ചക്രത്തില്‍ തട്ടിയതോടെ മറിഞ്ഞാണ് അപകടമുണ്ടായത്. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് മഹാജന്റെ ബന്ധുക്കള്‍ സിറ്റി ഹാളില്‍ സന്നിഹിതരായിരുന്നു.

സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രതിവര്‍ഷം ഏകദേശം 4.2 കോടി ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കുതിരവണ്ടികള്‍ സുരക്ഷാ ഭീഷണിയായി മാറിയെന്ന് വോട്ടെടുപ്പിന് മുമ്പ് സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ ജൂലി മെനിന്‍ പറഞ്ഞു. കടുത്ത ചൂടില്‍ ഏകദേശം 1,000 പൗണ്ട് ഭാരമുള്ള വണ്ടികള്‍ വലിച്ചുകൊണ്ടുപോകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, കുതിരവണ്ടി ഡ്രൈവര്‍മാര്‍ക്ക് പകരം തൊഴില്‍ കണ്ടെത്തുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. തൊഴില്‍ ലഭ്യമാക്കല്‍, പരിശീലനം, കരിയര്‍ കൗണ്‍സലിങ്, സാമ്പത്തിക സഹായം എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും.

നിരോധന തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുതിരവണ്ടി ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഏകദേശം 150 ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ വ്യാഴാഴ്ച സിറ്റി ഹാളിന് പുറത്ത് പ്രതിഷേധവും നടത്തി. നിരോധന നിയമത്തില്‍ ഒപ്പു വെച്ചുകഴിഞ്ഞാല്‍ ഉടന്‍ താല്‍ക്കാലിക സ്റ്റേ ഉത്തരവ് തേടുമെന്ന് യൂണിയന്‍ നഗരത്തിലെ നിയമവിഭാഗത്തിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും നൂറുകണക്കിന് തൊഴിലാളികളുടെയും വണ്ടിയുടമകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗം തകര്‍ക്കുമെന്നും യൂണിയന്‍ നേതാവ് അലക്‌സാണ്ടര്‍ കെംപ് ആരോപിച്ചു. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇനി കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത.


Ban on horse-drawn carriage rides in New York; services to end by June 1, 2028.

Share Email
LATEST excelnclexrn
More Articles
Top