Caritas hospital

ക്രിസ്റ്റ പൈക്കിൻ്റെ പാളിപ്പോയ വധശിക്ഷ: നൈതികവും ധാർമികവുമായ നിരവധി ചോദ്യമുനകളിൽ യുഎസ്

ക്രിസ്റ്റ പൈക്കിൻ്റെ പാളിപ്പോയ വധശിക്ഷ: നൈതികവും ധാർമികവുമായ നിരവധി ചോദ്യമുനകളിൽ യുഎസ്

മലൈക ഘോഷ്/ യുഎസ് വൈബ്സ്

സെപ്റ്റംബർ 30 ബുധനാഴ്ച വൈകിട്ട് 7 മണി- യുഎസിലെ ടെന്നസിയിലെ നാഷ്‌വില്ലിൽ, റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ 200 വർഷങ്ങൾക്ക് ഇപ്പുറം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.

അവസാന നിമിഷം വരെ മരണശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രിസ്റ്റ പൈക് എന്ന അൻപതുകാരി മരണം കാത്തുകിടന്നു. അവസാനമായി അവർ പറഞ്ഞു “തന്നെ വെറുത്തവരോടും സ്നേഹിച്ചവരോടും സ്നേഹത്തോടെ യാത്ര പറയുന്നു”… With love-മരണമൊഴി അതായിരുന്നു.

അതീവ നാടകീയവും മനുഷ്യത്വരഹിതവുമായ ഒരു സംഭവം അതിനു ശേഷം അവിടെ അരങ്ങേറി.. 32 വർഷം മുമ്പ് സ്വന്തം കൂട്ടുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക്രിസ്റ്റയുടെ മരണം കാത്ത് കൊല്ലപ്പെട്ട കോളിൻ സ്ലെമ്മറുടെ അമ്മ, അഭിഭാഷകർ. മാധ്യമ പ്രവർത്തകർ, സംസ്ഥാന അധികൃതർ..അങ്ങനെ നിരവധി പേർ മരണമുറിക്കു സമീപം ഇരിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ ഇത് എങ്ങനെ കണ്ടു നിൽക്കാനാവും എന്ന വലിയ ചോദ്യം ബാക്കിയാകുന്നുണ്ട്.

എന്നാൽ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചില്ല. ക്രിസ്റ്റ പൈകിൻ്റെ ഹൃദയം നിലച്ചില്ല. ശ്വാസം നിലച്ചില്ല.. അബോധത്തിലാണ് അവർ ഇപ്പോഴും. അവർ ഏറ്റവും ഭയന്നിരുന്നതും അതു തന്നെയായിരുന്നു. അനായാസേന ഒരു മരണമായിരുന്നു പാഴായിപ്പോയ തൻ്റെ ജീവിതത്തിലെ ഏക പ്രതീക്ഷ എന്ന് ക്രിസ്റ്റയുടെ അഭിഭാഷകർ തന്നെ പറയുന്നു.

32 വർഷത്തെ ഏകാന്ത ജയിൽവാസത്തിന് ശേഷം ഇത്ര ക്രൂരമായ ഒരു ശിക്ഷാവിധി – യുഎസിലെ വധശിക്ഷയുടെ ന്യായ – അന്യായങ്ങളെ കുറിച്ച് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാൻ സാധിക്കാതെ പോയത്.?

വിഷ മരുന്നായ പെന്റാേബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് നൽകിയെന്നാണ് അധികൃതർ പറയുന്നത്. അതാണ് പ്രോട്ടോകോൾ. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവെച്ച് അടിയന്തര വൈദ്യസഹായംനൽകി ആശുപത്രിയിലേക്ക് മാറ്റി. മരണശിക്ഷ നടപ്പാക്കാൻ ശ്രമിച്ച ഒരാളുടെ ജീവൻ രക്ഷിക്കാൻ ഇപ്പോൾ ഡോക്ടർമാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കയ്യിൽ ഐ.വി ലൈൻ സ്ഥാപിക്കുന്നതിലുണ്ടായ സങ്കീർണതകളും ഏഴോളം സൂചികൾ ഉപയോഗിക്കേണ്ടി വന്നതും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഉത്തരവിട്ടു.

പെന്റോബാർബിറ്റലിന്റെ ഔഷധഗുണങ്ങൾ, ഉയർന്ന അളവിൽ നൽകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, രക്തക്കുഴലുകൾക്ക് പകരം കോശങ്ങളിലേക്ക് മരുന്ന് ചോരുന്ന ഐ.വി ഇൻഫിൽട്രേഷൻ എന്ന അവസ്ഥ തുടങ്ങിയവയാണ് മെഡിക്കൽ രംഗത്തുള്ളവർ ഇപ്പോൾ ചർച്ചയാക്കുന്നത്.

നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്ന ‘ബാർബിറ്റ്യുറേറ്റ്’ വിഭാഗത്തിൽപ്പെടുന്ന ഔഷധമാണ് പെന്റോബാർബിറ്റൽ. അടിയന്തര സാഹചര്യങ്ങളിൽ അപസ്മാരത്തിനും ശസ്ത്രക്രിയകൾക്ക് മുമ്പ് സെഡേഷൻ മരുന്നായും ഇവ ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ മൃഗങ്ങൾക്ക് ദയാവധം നൽകുന്നതിനും ചില രാജ്യങ്ങളിൽ നിയമപരമായി ഇവ ഉപയോഗിക്കാറുണ്ട്.

സാധാരണ വൈദ്യചികിത്സകളിൽ ഒരു ഗ്രാമിന്റെ ചെറിയൊരു അംശംമാത്രം നൽകുമ്പോൾ, വധശിക്ഷാ പ്രോട്ടോകോൾ അനുസരിച്ച് അഞ്ച് ഗ്രാം എന്ന ഉയർന്ന അളവിലാണ് മരുന്ന് നൽകുന്നത്. ശരീരത്തിൽ പ്രവേശിക്കുമ്പോൾ, ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്ന ബ്രെയിൻസ്റ്റെം ന്യൂറോണുകളെയും ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും മരുന്ന് നിശ്ചലമാക്കുന്നു. തുടർന്ന് ശരീരം അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ശ്വസനപ്രക്രിയ തടസ്സപ്പെട്ട് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

രക്തക്കുഴലിലേക്ക് നേരിട്ട് പോകേണ്ട മരുന്ന് ചുറ്റുമുള്ള കോശങ്ങളിലേക്ക് ചോർന്നിറങ്ങുന്ന അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ ‘ഐ.വി ഇൻഫിൽട്രേഷൻ’ എന്ന് വിളിക്കുന്നത്. ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷാ ശ്രമത്തിൽ സംഭവിച്ചതും ഇതാണെന്നാണ് വിദഗ്ധർ പറയുന്നത്. രക്തസംബന്ധമായ അസുഖവും നേർത്ത രക്തക്കുഴലുകളുമുള്ള ക്രിസ്റ്റയ്ക്ക് മരുന്ന് രക്തത്തിലേക്ക് പൂർണമായി എത്തുന്നതിന് പകരം കയ്യിലെ കോശങ്ങളിലേക്ക് ചോരുകയായിരുന്നു. പെന്റോബാർബിറ്റൽ ഉയർന്ന അളവിൽ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ശ്വാസകോശത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്ന പൾമണറി എഡിമ (Pulmonary Edema) എന്ന അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രധാന മരുന്ന് നിർമ്മാതാക്കൾ വധശിക്ഷയ്ക്കായി പെന്റോബാർബിറ്റൽ വിതരണം ചെയ്യുന്നത് വിലക്കിയിട്ടുള്ളതിനാൽ, കോമ്പൗണ്ടിങ് ഫാർമസികളെയാണ് ഭരണകൂടങ്ങൾ ആശ്രയിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന മരുന്നുകളുടെ ചേരുവകളിലെയോ വീര്യത്തിലെയോ വ്യതിയാനങ്ങൾ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടോ എന്നും സംശയം ഉയർന്നിട്ടുണ്ട്.

ഏറ്റവും ‘മികച്ച ‘ രീതിയിൽ എങ്ങനെ വധശിക്ഷ നടപ്പാക്കാം എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ലോകത്തിലെ നാലിൽ മൂന്ന് രാജ്യങ്ങളും വധശിക്ഷ എന്ന ശിക്ഷാ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട് . എന്നാൽ അമേരിക്കയെ സംബന്ധിച്ച് ഇതിനു ഘടകവിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വധശിക്ഷയെ പ്രോൽസാഹിപ്പിക്കുന്ന ഒരു ഭരണകൂടവും അതിനു സ്തുതിപാടുന്ന ഉദ്യോഗസ്ഥരും വധശിക്ഷകളുടെ നടത്തിപ്പ് കൂടുതൽ ഊർജസ്വലമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 17 രാജ്യങ്ങൾ മാത്രമാണ് തടവുകാരെ വധിച്ചത്. എന്നാൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 2,700-ൽ അധികമായി ഉയർന്നു – 1984-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. (ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യമായി കരുതപ്പെടുന്ന ചൈനയിലെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.) ട്രംപും മറ്റുള്ളവരും വധശിക്ഷയെ ശക്തമായി പിന്തുണയ്ക്കുമ്പോൾ, അമേരിക്കൻ ജനത അതിൽ നിന്ന് അകലുകയാണ് ചെയ്യുന്നത്. 1994-ൽ 80 ശതമാനം പേർ ഇതിനെ പിന്തുണച്ചിരുന്നെങ്കിൽ, കഴിഞ്ഞ വർഷമായപ്പോഴേക്കും അത് 52 ശതമാനമായി കുറഞ്ഞു. യുവാക്കളിൽ ഭൂരിഭാഗം പേരും ഇതിനെ എതിർക്കുന്നു.

ക്രിസ്റ്റ പൈക്കിൻ്റെ കേസ് ധാർമികവും എത്തിക്കലുമായ നിരവധി ചോദ്യങ്ങളാണ് ഇന്ന് ഉയർത്തുന്നത്.

മാരകമായ വിഷം (പെന്റോബാർബിറ്റൽ) രണ്ട് തവണ ശരീരത്തിൽ കുത്തിവെച്ചിട്ടും, 40 മിനിറ്റിലധികം സമയം കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവിച്ച് പ്രതി ജീവനോടെ തുടർന്നത് ക്രൂരമായ പീഡനത്തിന് തുല്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.  

വധശിക്ഷാ ശ്രമം പരാജയപ്പെട്ട്, തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ് ജീവൻ രക്ഷാ ഉപാധികളോടെ കഴിയുന്ന ഒരാളെ, ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും വധിക്കാൻ ശ്രമിക്കുന്നത് ധാർമ്മികമായി ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ക്രിസ്റ്റ ജീവിതത്തിലേക്ക് തിരിച്ചു വന്നാലും വധശിക്ഷ നടപ്പാക്കുമോ എന്ന് ഇതുവരെ കോടതി വ്യക്തമാക്കിയിട്ടില്ല.  എന്നാൽ മുൻമാതൃകകൾ പ്രകാരം രണ്ടാം വധശിക്ഷാ ശ്രമം നിയമപരമായി സാധ്യമാണ്. അടുത്ത ഗവർണർ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ സെനറ്റർ മാർഷ ബ്ലാക്ക്ബേൺ താൻ അധികാരത്തിൽ വന്നാൽ വധശിക്ഷ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൈക്കിന്റെ ആരോഗ്യനില വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിലോ, ഈ സംഭവത്തെത്തുടർന്ന് ശിക്ഷയുടെ കാരണം എന്താണെന്ന് സ്വയം തിരിച്ചറിയാനുള്ള മാനസിക ശേഷി നഷ്ടപ്പെടുകയോ ചെയ്താൽ, അമേരിക്കൻ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം വീണ്ടും വധശിക്ഷ നടപ്പാക്കുന്നത് നിയമവിരുദ്ധമാകും. പരാജയപ്പെട്ട വധശിക്ഷാ ശ്രമം ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം ‘ക്രൂരവും അസാധാരണവുമായ ശിക്ഷാവിധി’ എന്ന പരിധിയിൽ വരുമെന്നും അതിനാൽ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു നൽകണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

മാരകമായ വിഷം കുത്തിവെക്കാൻ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളെ ഉപയോഗിക്കുന്നത് ജീവൻ രക്ഷിക്കുമെന്ന മെഡിക്കൽ സത്യപ്രതിജ്ഞയ്ക്ക് (Hippocratic Oath) വിരുദ്ധമാണ്. ഈ പരാജയപ്പെട്ട വധശിക്ഷാ ശ്രമത്തിന് ശേഷം പ്രതിയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ തീവ്രശ്രമം നടത്തുന്നതിലെ വൈരുദ്ധ്യവും നീതിയെ സംബന്ധിച്ച പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 

ക്രിസ്റ്റ പൈക്ക് കുട്ടിക്കാലത്ത് കടുത്ത ലൈംഗിക-ശാരീരിക പീഡനങ്ങൾ ഇരയായിരുന്നുവെന്നും, കടുത്ത പി.ടി.എസ്.ഡി (PTSD), ബൈപോളാർ ഡിസോർഡർ എന്നിവ അനുഭവിച്ചിരുന്നുവെന്നും അവരുടെ അഭിഭാഷകർ വാദിക്കുന്നു. ഇത്തരം മാനസിക പ്രശ്നങ്ങളുള്ള ഒരാൾക്ക് വധശിക്ഷ നൽകുന്നത് ധാർമ്മികമായി നീതിയല്ലെന്നാണ് പ്രതിരോധ വാദം. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഒപ്പം മർദ്ദനത്തിനും അവഗണനയ്ക്കും അവൾ ഇരയായിട്ടുണ്ട്; എന്നിട്ടും വിചാരണ വേളയിൽ അഭിഭാഷകർ അവളുടെ അനുഭവങ്ങളും പ്രായവും വേണ്ടത്ര ഗൗരവത്തോടെ അവതരിപ്പിച്ചില്ല. വിചാരണയ്ക്ക് ശേഷമാണ് അവൾക്ക് ബൈപോളാർ ഡിസോർഡറും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും (PTSD) ഉണ്ടെന്ന് കണ്ടെത്തിയത്. വധശിക്ഷാ വിഷയത്തിൽ വിദഗ്ധയും പൈക്കിന് വേണ്ടി വാദിച്ച വ്യക്തിയുമായ സാന്ദ്ര ബാബ്‌കോക്ക് ചൂണ്ടിക്കാട്ടിയത്, അവളെ വധിക്കുന്നത്, “ഏറ്റവും ക്രൂരരായ കുറ്റവാളികൾക്കല്ല, മറിച്ച് നമ്മളിലെ ഏറ്റവും മാനസികമായി തകർന്നവരും ദുർബലരുമായവർക്കാണ് വധശിക്ഷ നൽകുന്നതിനു തുല്യമാണ് എന്നാണ്.

 കേസ് നടക്കുമ്പോൾ ക്രിസ്റ്റയ്ക്ക് വെറും 18 വയസ്സ് മാത്രമായിരുന്നു പ്രായം. കൗമാരപ്രായത്തിൽ ചെയ്ത തെറ്റിന്, 32 വർഷത്തെ ജയിൽവാസത്തിന് ശേഷം, പൂർണ്ണമായും മാനസിക മാറ്റം വന്ന 50-ാം വയസ്സിൽ വധിക്കുന്നത് ശിക്ഷയുടെ യഥാർഥ ലക്ഷ്യത്തെ ഇല്ലാതാക്കുന്നു എന്ന അഭിപ്രായവും ഉയരുന്നു. താൻ ചെറിയ പ്രായത്തിൽ ചെയ്ത ക്രൂരതയുടെ വ്യാപ്തി ബോധ്യമാകാൻ ഏറെ വർഷങ്ങൾ വേണ്ടി വന്നെന്ന് ക്രിസ്റ്റ മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. മാപ്പപേക്ഷ തള്ളിയ കോടതി, ക്രിസ്റ്റ്‌ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ക്രിസ്റ്റയുടെ കാമുകന് ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. വധശിക്ഷ തടയണമെന്ന ക്രിസ്റ്റയുടെ അവസാന നിമിഷത്തെ അപേക്ഷയും യുഎസ്. സുപ്രീം കോടതി തള്ളിയതോടെയാണ് എല്ലാ വാതിലുകളും അടഞ്ഞത്.

എങ്കിലും, വധശിക്ഷാ ശ്രമം പരാജയപ്പെടുന്നതല്ല യഥാർത്ഥ പ്രശ്നം, മറിച്ച് ആളുകളെ വധിക്കുന്നു എന്നതാണ്. മനുഷ്യത്വപരമായ രീതിയിൽ ഒരാളെ കൊല്ലാനുള്ള ശ്രമം തന്നെ അടിസ്ഥാനപരമായി അസംബന്ധമാണ്. മാരകമായ കുത്തിവയ്പ്പോ (lethal injection), വെടിവെച്ചുള്ള വധശിക്ഷയോ (firing squad), വൈദ്യുതാഘാതം ഏൽപ്പിച്ചുള്ള വധശിക്ഷയോ (electrocution) മാത്രമല്ല തള്ളിക്കളയേണ്ടത്; മറിച്ച് വധശിക്ഷ എന്ന സമ്പ്രദായത്തെത്തന്നെയാണ്.  

botched execution of Christa Pike

Share Email
LATEST excelnclexrn
More Articles
Top