ലാസ് വെഗാസ്: പ്രശസ്തമായ ഫ്ലമിംഗോ ഹോട്ടല്‍ ആന്‍ഡ് കാസിനോയില്‍ അരയന്നത്തെ അതിന്റെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ കനേഡിയന്‍ പൗരനെതിരെ വിചാരണ തുടങ്ങി. ഒന്റാറിയോ സ്വദേശിയായ മിച്ചല്‍ ഫെയര്ബേണാണ് കേസിലെ പ്രതി. അരയന്നത്തെ മനഃപൂര്‍വം ഉപദ്രവിച്ചെന്നാരോപിച്ച് നെവാഡ ജില്ലാ കോടതിയില്‍ ഇയാള്‍ക്കെതിരെ രണ്ട് ഗുരുതര മൃഗപീഡനക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച വിചാരണയ്ക്കിടെ പ്രോസിക്യൂഷന് സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചു.
മാര്‍ച്ച് മൂന്നിന് ഹോട്ടലിലെ അരയന്നങ്ങളുടെ കൂടില്‍ പ്രവേശിച്ച ഫെയര്‍ബേണ്‍, പീച്ചിഎന്ന പേരുള്ള അരയന്നത്തെ പിടികൂടി കൊണ്ടുപോയെന്നാണ് അധികൃതരുടെ ആരോപണം. വിചാരണയ്ക്കിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളില്‍ പ്രതി അരയന്നത്തെ കൈകളില്‍ പിടിച്ച് ലിഫ്റ്റില്‍ നില്ക്കുന്നതും തുടര്‍ന്ന് ഹോട്ടലിന്റെ ഇടനാഴിയിലൂടെ കൊണ്ടുപോകുന്നതും കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹോട്ടലിലെ മുറിയിലേക്ക് പക്ഷിയെ കൊണ്ടുപോയത് നിയമവിരുദ്ധമായ നടപടിയാണെന്നും ഇതിലൂടെ പക്ഷിക്ക് ശാരീരിക വേദനയുണ്ടായെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതി മനഃപൂര്‍വം പക്ഷിയെ വേദനിപ്പിച്ചുവെന്നതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഹോട്ടലിന്റെ തറയില്‍ അരയന്നത്തിന്റെ തൂവലുകള്‍ കണ്ടെത്തിയതും പ്രതി പക്ഷിയെ കൈകാര്യം ചെയ്യുമ്പോള്‍ അത് ശബ്ദമുണ്ടാക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നതും ഇതിന് തെളിവായി ചൂണ്ടിക്കാട്ടി. കുറ്റം തെളിഞ്ഞാല്‍ ഓരോ ഗുരുതര മൃഗപീഡനക്കുറ്റത്തിനും പരമാവധി അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
അതേസമയം, മദ്യലഹരിയിലായിരിക്കെയാണ് പ്രതി ഈ പ്രവൃത്തി ചെയ്തതെന്നും പക്ഷിയെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന് ജോഷ് ടോംഷെക്ക് കോടതിയില്‍ വാദിച്ചു. സംഭവത്തില്‍ തന്റെ കക്ഷിക്ക് ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ മൃഗപീഡനക്കുറ്റം തെളിയിക്കുന്നതില്‍ പക്ഷിയെ മനഃപൂര്‍വം ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം പ്രധാന ഘടകമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മദ്യലഹരിയില്‍ സംഭവിച്ച പ്രവൃത്തിയെ മനഃപൂര്‍വമുള്ള ക്രൂരതയായി കാണരുതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
ഇരുവിഭാഗവും തിങ്കളാഴ്ച രാവിലെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജൂറി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കേസില്‍ അന്തിമ വിധി വന്നിട്ടില്ല. സംഭവത്തിനുശേഷം അമേരിക്ക വിട്ടുപോകാന്‍ ഫെയര്ബേണിന് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അരയന്നത്തെ ഉപദ്രവിച്ചെന്ന ആരോപണത്തില്‍ കോടതി എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം.
Canadian national faces animal cruelty charges after taking a swan from its enclosure and bringing it into his Las Vegas hotel room.



















