വ്യാപാര ചര്‍ച്ചകളില്‍ ട്രംപ് നിലപാട് മയപ്പെടുത്തുന്നുവെന്നും കാനഡയുടെ ആവശ്യങ്ങളിലേക്ക് അടുക്കുന്നതായും കാര്‍ണി

വ്യാപാര ചര്‍ച്ചകളില്‍ ട്രംപ് നിലപാട് മയപ്പെടുത്തുന്നുവെന്നും കാനഡയുടെ ആവശ്യങ്ങളിലേക്ക് അടുക്കുന്നതായും കാര്‍ണി

ടൊറാന്റോ: വ്യാപാര ചര്‍ച്ചകളില്‍ ട്രംപ് നിലപാട് മയപ്പെടുത്തുന്നുവെന്നും കാനഡയുടെ ആവശ്യങ്ങളിലേക്ക് അടുക്കുന്നതായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കില്‍ അത് അമേരിക്ക കാനഡയുടെ നിലപാടുകളിലേക്ക് അടുക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെയാണ് കാര്‍ണിയുടെ പ്രതികരണം. വ്യാപാര കരാറിലെത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസറ്റും സൂചിപ്പിച്ചിരുന്നു. എന്നാല്‍ അന്തിമ കരാറിലെത്തിയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് കാനഡയുടെ നിലപാട്.

വ്യാപാര ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടായതായി കാര്‍ണി സമ്മതിച്ചെങ്കിലും കാനഡയുടെ ചര്‍ച്ചാ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. അമേരിക്കയുമായുള്ള പുതിയ കരാറില്‍ ട്രംപ് ഒപ്പുവെച്ചാല്‍ അത് പാലിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. നേരത്തേ അമേരിക്കയുടെ ഉറപ്പുകള്‍ പെന്‍സില്‍ കൊണ്ട് എഴുതിയതു പോലെയാണെന്ന് കാര്‍ണി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുരാജ്യങ്ങളും കരാറിനോട് അടുക്കുന്നതായി തോന്നിയെങ്കിലും അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ കാനഡയുടെ നിര്‍ണായക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടാവ അവ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം 2,000 കോടി ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ചുമത്തി. ഇതിന് മറുപടിയായി കാനഡയും തിരിച്ചടികളും അധിക വ്യാപാര നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച കനേഡിയന്‍ ഉല്‍പ്പന്നങ്ങളില്‍ ചിലതിനുള്ള 50 ശതമാനം തീരുവ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും മറ്റ് പുതിയ തീരുവ ചുമത്താനുള്ള നീക്കവും നടത്തി. ഞായറാഴ്ച മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കാനഡ ഇപ്പോള്‍ അമേരിക്കയ്ക്ക് എന്തും നല്‍കാന്‍ തയ്യാറാണെന്നും ഉടന്‍ കരാറിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് കരാറുണ്ടാകാമെന്ന് ഡെട്രോയിറ്റിലെ ഒരു ടെലിവിഷന്‍ ചാനലിനോടും ട്രംപ് പറഞ്ഞു. എന്നാല്‍ ധാരണയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, കാനഡയുമായുള്ള വ്യാപാര തര്‍ക്കം അമേരിക്കയിലെ സെനറ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയമായി. മിഷിഗണിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്സ്, കാനഡ ശത്രുരാജ്യമല്ലെന്നും തീരുവയുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്ന് മെയ്ന്‍ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സും ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കാനഡയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മിയെക്കുറിച്ച് ട്രംപ് നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഊര്‍ജമേഖലയ്ക്ക് വലിയ പങ്കുണ്ട്. കാനഡയില്‍നിന്ന് അമേരിക്ക പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ഊര്‍ജ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി കണക്കാക്കിയാല്‍ കാനഡയുമായി അമേരിക്കയ്ക്ക് വ്യാപാര മിച്ചമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കാനഡയിലെ വാഹന നിര്‍മാണം അമേരിക്കയിലേക്ക് മാറ്റണമെന്ന ആവശ്യവും ട്രംപ് മുന്നോട്ടുവയ്ക്കുന്നുണ്ട്. പതിറ്റാണ്ടുകളായി അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമായി പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വാഹന വ്യവസായത്തെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു. വ്യാപാര തര്‍ക്കവും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളും കാനഡയെ പുതിയ വിപണികള്‍ തേടാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കനേഡിയന്‍ കയറ്റുമതി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുകയാണ് കാര്‍ണി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തിക-സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കാനഡ ശ്രമിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മോണ്‍ട്രിയലില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി കാര്‍ണി കൂടിക്കാഴ്ച നടത്തും. കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ ആദ്യത്തെ അസോസിയേറ്റ് അംഗത്വം നല്‍കാനുള്ള നിര്‍ദേശവും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഈ അംഗത്വത്തിന്റെ കൃത്യമായ വ്യവസ്ഥകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനൊപ്പം കയറ്റുമതിക്ക് പുതിയ വിപണികള്‍ കണ്ടെത്താനുള്ള കാനഡയുടെ ശ്രമങ്ങളും ഇതോടെ ശക്തമാകുകയാണ്.

Carney says Trump is softening his stance in trade talks and moving closer to Canada’s demands.

Share Email
LATEST excelnclexrn
Top