ലഖ്‌നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 150 സീറ്റുകളിലെങ്കിലും മത്സരിക്കാൻ താല്പര്യമുണ്ടെന്ന സൂചന നൽകി കോൺഗ്രസ്. എന്നാൽ ഇന്ത്യാ മുന്നണിയിലെ പ്രമുഖ പങ്കാളിയായ സമാജ്‌വാദി പാർട്ടിക്ക് (എസ്.പി) കോൺഗ്രസിന് ഇത്രയധികം സീറ്റുകൾ നൽകാൻ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. മുൻ തിരഞ്ഞെടുപ്പുകളിലെ പ്രകടനം കണക്കിലെടുത്ത് കോൺഗ്രസിന് 53 മുതൽ 55 വരെ സീറ്റുകൾ നൽകാനാണ് എസ്.പി ആലോചിക്കുന്നത്.
403 അംഗ നിയമസഭയിൽ മുന്നൂറ്റമ്പതോളം മണ്ഡലങ്ങളിൽ തങ്ങൾ തന്നെ നേരിട്ട് മത്സരിക്കാനാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കം.2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെ ആസ്പദമാക്കിയാണ് എസ്.പി സീറ്റ് വിഭജന ഫോർമുല തയ്യാറാക്കുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ ജയിച്ച എസ്.പി, പരാജയപ്പെട്ട മണ്ഡലങ്ങളിലെ നിയമസഭാ തലത്തിലും മികച്ച മുന്നേറ്റം നടത്തിയിരുന്നു.
അതേസമയം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആറ് സീറ്റുകളിലാണ് വിജയിച്ചത്. ഈ മണ്ഡലങ്ങൾക്ക് കീഴിൽ വരുന്ന മുപ്പതിലേറെ നിയമസഭാ സീറ്റുകളും, കോൺഗ്രസ് തോറ്റ മണ്ഡലങ്ങളിലെ 11 സീറ്റുകളും ഉൾപ്പെടുത്തിയാണ് 53-55 സീറ്റുകൾ കോൺഗ്രസിന് നൽകാമെന്ന നിഗമനത്തിൽ എസ്.പി എത്തിച്ചേർന്നത്. എന്നാൽ ഇതിലും കൂടുതൽ സീറ്റുകൾക്കായി കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്.
കോൺഗ്രസിന്റെ ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതമും സഹരൺപൂർ എം.പി ഇമ്രാൻ മസൂദും 150 സീറ്റുകൾ വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, തങ്ങൾ മുന്നോട്ടുവെച്ച സീറ്റ് വിഭജന ഫോർമുലയിൽ വിട്ടുവീഴ്ച ചെയ്യാൻ സമാജ്‌വാദി പാർട്ടി തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.














