ടെൽ അവീവ്: ഗാസയിലെ ഇസ്രയേൽ നടപടികളോടുള്ള പ്രതികാരമായാണ് ഫ്ലൈദുബായ് വിമാനത്തിലെ ഒമാൻ കോ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ട്. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ പ്രധാന പദ്ധതിയെന്നും ഇത് പരാജയപ്പെട്ടാൽ പ്ലാൻ ബി എന്ന നിലയിൽ ജോർദാനിലെ യു.എസ് സൈനിക താവളമാണ് ലക്ഷ്യമിട്ടിരുന്നതെന്നും അന്വേഷണ കണ്ടെത്തലുകൾ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമമായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു.
ആക്രമണം നടത്തിയ ഒമാൻ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി ആക്രമണത്തിന് മുൻപ് ദീർഘകാലമായി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്ന വിമാനത്തിൽ പൈലറ്റായി എത്തുന്നതിനുള്ള ആസൂത്രണം നടത്തിയ ഇയാൾ കഴിഞ്ഞ ജൂണിൽ ഇസ്രായേലിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. സ്വയം ‘രക്തസാക്ഷി’ ആകാൻ തയ്യാറെടുപ്പുകൾ നടത്തിയ ഇയാൾ ജൂലൈയിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും ജീവനക്കാരിൽ ഒരാളുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം അന്ന് തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
ഹമ്മാമിയുടെ പശ്ചാത്തലവും കൃത്യത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളും കണ്ടെത്താനും ഇയാൾ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് ഉറപ്പുവരുത്തുന്നതിനുമായി ആറ് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ നിലവിൽ അന്വേഷണം നടത്തിവരികയാണ്.


















