ഫ്ലൈദുബായ് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ പ്രധാന വ്യോമകേന്ദ്രമായ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ഹമാം അൽ ഹമാമി പദ്ധതിയിട്ടിരുന്നതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ ഒമാനി പൗരനായ സഹപൈലറ്റ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചാനൽ 12, വൈ-നെറ്റ് (Ynet) തുടങ്ങിയ മാധ്യമങ്ങൾ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വിമാനം തട്ടിയെടുത്ത ഉടൻ തകർക്കുന്നതിന് പകരം, ക്യാപ്റ്റനെ വീഴ്ത്തിയ ശേഷം സാധാരണ പോലെ ടെൽ അവീവിലേക്ക് പറന്ന് സംശയം തോന്നാത്ത വിധം ലാൻഡിങ് അനുമതി വരെ നേടിയെടുക്കാനായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മുന്നറിയിപ്പ് ലഭിക്കാതിരിക്കാനാണ് ഇത്തരമൊരു തന്ത്രം ആസൂത്രണം ചെയ്തത്.
എന്നാൽ സഹപൈലറ്റിന്റെ ആസൂത്രിതമായ നീക്കങ്ങളെ കോക്പിറ്റിലെ സമയോചിതമായ ഇടപെടലുകൾ പൊളിച്ചടുക്കുകയായിരുന്നു. ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത്ത് മച്ഛാർ സമയോചിതമായി കോക്പിറ്റ് വാതിൽ തുറന്നതും, തുടർന്ന് യാത്രക്കാർ ഇടപെട്ട് സഹപൈലറ്റിനെ കീഴ്പ്പെടുത്തിയതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ബെൻ ഗൂറിയോൺ വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ മുൻപ് നടത്തിയ പല യാത്രകളിലൂടെ ശേഖരിച്ചിരുന്നതായും വിവരമുണ്ട്.
നേരത്തെ ജൂലൈയിൽ സമാനമായ രീതിയിൽ ആക്രമണം നടത്താൻ ഇയാൾ ലക്ഷ്യമിട്ടിരുന്നെങ്കിലും, അന്ന് വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളിൽ ഒരാൾ സുഹൃത്തായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീവ്ര ആശയങ്ങൾ വെച്ചുപുലർത്തിയതിനെ തുടർന്ന് ഒമാൻ എയറിൽ വിമാനം പറത്തുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നതായി വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനമായതുകൊണ്ടാണ് ഇയാൾ ഫ്ലൈദുബായിയെ ആക്രമണത്തിനായി തിരഞ്ഞെടുത്തത്.


















