സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസണ് ലഭിച്ചു. ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററിക്ക് നൽകിയ സംഭാവനകൾക്കും പ്രപഞ്ചത്തിൽ നിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രീനൊകളെ കണ്ടെത്തിയതിനുമാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (11.55 കോടിയിലേറെ രൂപ) സമ്മാനത്തുക.
ദക്ഷിണ ധ്രുവത്തിലെ മഞ്ഞുപയോഗിച്ച് ന്യൂട്രീനൊ കണങ്ങളെ കണ്ടെത്തുന്ന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത് പ്രൊഫ. ഹാൾസണാണ്. 1988-ൽ അദ്ദേഹം മുന്നോട്ടുവെച്ച ശാസ്ത്രീയ ആശയത്തിന്റെ അടിസ്ഥാനത്തിൽ 2011-ൽ നിർമ്മാണം പൂർത്തിയായ ഐസ്‌ക്യൂബ് ന്യൂട്രീനോ ഒബ്‌സർവേറ്ററി വഴിയാണ് സൗരയൂഥത്തിന് പുറത്തുനിന്നുള്ള ന്യൂട്രീനൊകളെ ഗവേഷകർ തിരിച്ചറിഞ്ഞത്.
1944-ൽ ബെൽജിയത്തിൽ ജനിച്ച ഹാൾസൺ കെ.യു. ലൂവനനിൽ നിന്ന് പിഎച്ച്ഡി നേടുകയും നിലവിൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഹാൾസണിന്റെ സംഭാവനകൾ പുതിയൊരു ജ്യോതിശാസ്ത്ര ശാഖയ്ക്കാണ് തുടക്കം കുറിച്ചതെന്ന് ഭൗതികശാസ്ത്ര നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്‌സ് വ്യക്തമാക്കി.


















