പടിയിറങ്ങും മുന്നെ ആർലേക്കറുടെ അസാധാരണ നീക്കം, പിഎസ്സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ; കേരള ചരിത്രത്തിൽ ആദ്യം

പടിയിറങ്ങും മുന്നെ ആർലേക്കറുടെ അസാധാരണ നീക്കം, പിഎസ്സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ; കേരള ചരിത്രത്തിൽ ആദ്യം

കേരള പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര ആർലേക്കർ. തൻ്റെ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഗവർണറുടെ ഈ അസാധാരണ നടപടി. പി.എസ്.സി നടത്തിയ പരീക്ഷകളിലും നിയമനങ്ങളിലും ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് യുവമോർച്ചയും എബിവിപിയും നൽകിയ പരാതികൾ അടക്കം ഉൾപ്പെടുത്തിയാണ് ഗവർണർ രാഷ്ട്രപതിക്ക് കത്ത് കൈമാറിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ പി.എസ്.സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശുപാർശ സമർപ്പിക്കുന്നത്.

ആസൂത്രണ ബോർഡിലേക്ക് നടത്തിയ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പി.എസ്.സിയുടെ വിവിധ പരീക്ഷകളെച്ചൊല്ലി വലിയ രീതിയിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ പി.എസ്.സി ചെയർമാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയത്തിൽ ഹൈക്കോടതി ഇടപ്പെടുകയും അന്വേഷണം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ ‘ഭായ് ഭായ് കളിക്കുകയാണോ’ എന്ന് പി.എസ്.സിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതി പരാമർശത്തിന് തൊട്ടടുത്ത ദിവസമാണ് ഗവർണറുടെ നീക്കം.

ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ ഗവർണർക്ക് നേരിട്ട് പി.എസ്.സിയെ പിരിച്ചുവിടാൻ സാധിക്കില്ല. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം അന്വേഷണത്തിനായി രാഷ്ട്രപതിക്ക് സുപ്രീംകോടതിക്ക് റഫർ ചെയ്യാവുന്നതാണ്. കേസ് സുപ്രീംകോടതിയുടെ അന്വേഷണത്തിലേക്ക് എത്തുന്നതോടെ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ്‌ ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ടാകും. തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് പി.എസ്.സിക്കെതിരെ പ്രതികൂല പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് ഇവരെ ഔദ്യോഗികമായി പിരിച്ചുവിടാൻ സാധിക്കും.

Share Email
LATEST excelnclexrn
More Articles
Top