വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 28കാരനായ ഗുര്‍വിന്ദര്‍ ഗില്‍ അറസ്റ്റില്‍. ഭാര്യ ജാസ്മിന്‍ ഗില്ലിനെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണത്തില്‍ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതകക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
30 കാരിയായ ജാസ്മിനെ സെപ്റ്റംബര്‍ 30നാണ് സാക്രമെന്റോയിലെ വീട്ടില്‍ അവസാനമായി കണ്ടത്. നാലു ദിവസത്തിനുശേഷം ബന്ധു ഇവരെ കാണാനില്ലെന്ന് പരാതി നല്‍കി. വീടിനു പുറത്തുള്ള തപാല്‍പ്പെട്ടി പരിശോധി ക്കുന്നതിനിടെ ഐസിഇ ഉദ്യോഗസ്ഥര്‍ ജാസ്മിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ഗുര്‍വിന്ദറിന്റെ മൊഴി. എന്നാല്‍, ഇത്തരത്തില്‍ ഒരു നടപടിയും വീട്ടില്‍ നടന്നിട്ടില്ലെന്ന് ഐസിഇ അധികൃതര്‍ പൊലീസിനെ അറിയിച്ചു.
അന്വേഷണത്തിനിടെ ഗുര്‍വിന്ദറും ജാസ്മിനും വിവാഹമോചനത്തിനും കുഞ്ഞിന്റെ കസ്റ്റഡിക്കുമായി തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് എല്‍ ഡൊറാഡോ കൗണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ പിന്നീട് ജാസ്മിന്റേതാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകക്കേസില്‍ അറസ്റ്റ് വാറണ്ട് നേടിയ പൊലീസ് ഒക്ടോബര്‍ 14ന് ഗുര്‍വിന്ദറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നിലവില്‍ സാക്രമെന്റോ കൗണ്ടി ജയിലിലാണ്.
അതേസമയം, ജാസ്മിന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എട്ടുമാസം പ്രായമുള്ള കുഞ്ഞായിരുന്നു ജാസ്മിനു ണ്ടായിരുന്നത്. തനിക്കും കുഞ്ഞിനും സുരക്ഷിതമായ ഭാവി ഒരുക്കാനായി വിവാഹമോചനം തേടുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ജാസ്മിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ജാസ്മിനെ അമ്മ സുഖ്വിന്ദര്‍ കൗര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. മകള്‍ക്ക് ഏറെ ക്രൂരതകള്‍ നേരിടേണ്ടിവന്നിരുന്നുവെന്ന് അമ്മ വിഡിയോയില്‍ പറഞ്ഞു.
Indian-origin man kills wife in America; also spreads false claim that she was abducted by ICE officials.



















