ലോസ് ഏഞ്ചലസ് മേയർ പോരാട്ടം: ചരിത്ര വിജയത്തിനരികെ നിത്യ രാമൻ, ലോസ് ഏഞ്ചൽസിനെ നയിക്കാൻ വരുമോ ഈ തൃശൂർക്കാരി?

ലോസ് ഏഞ്ചലസ് മേയർ പോരാട്ടം: ചരിത്ര വിജയത്തിനരികെ നിത്യ രാമൻ, ലോസ് ഏഞ്ചൽസിനെ നയിക്കാൻ വരുമോ ഈ തൃശൂർക്കാരി?

ലോസ് ഏഞ്ചലസ്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചലസിന്റെ (LA) മേയർ പദവിയിലേക്ക് കേരളത്തിൽ വേരുകളുള്ള നിത്യ രാമൻ തിരഞ്ഞെടുക്കപ്പെടുമോ എന്നത് ആഗോള രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയിലെ ഇന്ത്യൻ വംശജർ. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദeനിക്ക് ശേഷം മറ്റൊരു ഇന്ത്യക്കാരി അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ മറ്റൊരു നഗരത്തിൻ്റെ ചുക്കാൻ പിടിക്കുമോ ?

നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ കാരെൻ ബാസിനെതിരെ ശക്തമായ ജനവികാരമുയർത്തിയാണ് 45-കാരിയായ നിത്യ രാമൻ മുന്നേറുന്നത്. വിജയിച്ചാൽ ലോസ് ഏഞ്ചലസിന്റെ ചരിത്രത്തിലെ ആദ്യത്തെ ദക്ഷിണേഷ്യൻ/ഇന്ത്യൻ വംശജയായ മേയർ എന്ന ചരിത്രനേട്ടം തൃശൂരിൽ വേരുകളുള്ള നിത്യയ്ക്ക് സ്വന്തമാകും.

നിത്യ രാമന് മുൻതൂക്കം നൽകുന്ന ഘടകങ്ങൾ

അഭിപ്രായ സർവേകളിൽ വ്യക്തമായ ലീഡ്:
അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന പ്രചാരണങ്ങളിൽ നിത്യ രാമന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ. സെപ്റ്റംബർ പകുതിയോടെ യുസി ബെർക്ക്‌ലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺമെന്റൽ സ്റ്റഡീസ് (UC Berkeley IGS) നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിത്യ രാമൻ കാരെൻ ബാസിനേക്കാൾ 11 പോയിന്റുകൾക്ക് മുന്നിലാണ്. കൂടാതെ ഒക്ടോബർ മധ്യത്തിലെ കണക്കുകൾ പ്രകാരം ബെറ്റിങ് ഏജൻസിയായ ‘കൽഷി’ (Kalshi) നിത്യയ്ക്ക് 54 മുതൽ 56 ശതമാനം വരെ വിജയസാധ്യത കൽപ്പിക്കുന്നു.

ഭരണവിരുദ്ധ വികാരവും പാലിസേഡ്സ് തീപിടുത്തവും
നഗരത്തിലെ വർധിച്ചുവരുന്ന ഭവനരഹിതരുടെ (Homelessness) പ്രശ്നങ്ങളും ഭാരിച്ച ജീവിതച്ചെലവും നിലവിലെ മേയർ കാരെൻ ബാസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മേയറുടെ സിഗ്നേച്ചർ പദ്ധതിയായ ‘ഇൻസൈഡ് സേഫ്’ വൻ പരാജയമാണെന്നും അതിനായി വൻതോതിൽ പണം ധൂർത്തടിച്ചെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ നിത്യക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ 2025 ജനുവരിയിലുണ്ടായ ‘പാലിസേഡ്സ് കാട്ടുതീ’ (Palisades Wildfire) ദുരന്തസമയത്ത് മേയർ രാജ്യത്തില്ലാതിരുന്നതും ദുരന്ത നിവാരണത്തിലെ വീഴ്ചകളും ഭരണകൂടത്തോടുള്ള ജനങ്ങളുടെ അസംതൃപ്തി വർധിപ്പിച്ചു.

പുരോഗമന കൂട്ടായ്മകളുടെ പിന്തുണ
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ (DSA) ശക്തമായ അടിത്തറ നിത്യ രാമനുണ്ട്. താഴെത്തട്ടിലുള്ള വോട്ടർമാരിലേക്ക് നേരിട്ടെത്താൻ ഈ സന്നദ്ധ പ്രവർത്തകരുടെ ശൃംഖല നിത്യയെ സഹായിക്കുന്നു. അടുത്തിടെ ലോസ് ഏഞ്ചലസ് കൗണ്ടി സൂപ്പർവൈസർ ലിൻഡ്‌സി ഹോർവാത്ത് പ്രഖ്യാപിച്ച പിന്തുണ നിത്യയുടെ വെസ്റ്റ്‌സൈഡ്, സാൻ ഫെർണാണ്ടോ വാലി മേഖലകളിലെ വോട്ട് വിഹിതം വർധിപ്പിക്കാൻ സഹായിക്കും. വാടക നിയന്ത്രണ നിയമങ്ങൾ കൊണ്ടുവരുന്നതിൽ കൗൺസിൽ അംഗമെന്ന നിലയിൽ നിത്യ കാഴ്ചവെച്ച പ്രകടനം സാധാരണക്കാരായ വോട്ടർമാരെ ആകർഷിക്കുന്നുണ്ട്.

നിത്യക്ക് പ്രതികൂലമായ ഘടകങ്ങൾ


തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ നഗരത്തിലെ 33 ശതമാനത്തോളം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കാരെൻ ബാസ് നടത്തുന്ന നെഗറ്റീവ് കാമ്പെയ്‌നുകളും പരസ്യങ്ങളും ഈ വോട്ടർമാരെ സ്വാധീനിച്ചാൽ ഫലം മാറിമറിയാം.


ലോസ് ഏഞ്ചലസ് സിറ്റി ഹാളിലെ ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും കാരെൻ ബാസിനെയാണ് പിന്തുണയ്ക്കുന്നത്. നിത്യ രാമൻ സഹപ്രവർത്തകരുമായി ചേർന്നുപോകാൻ ബുദ്ധിമുട്ടുന്ന ആളാണെന്നും 2028 ഒളിമ്പിക്‌സിന് വേദിയാകാനിരിക്കുന്ന നഗരത്തെ നയിക്കാൻ പ്രായോഗിക പരിചയമില്ലാത്ത ആളാണെന്നുമാണ് ബാസിന്റെ പ്രധാന ആക്ഷേപം. മുൻ മേയർ സ്ഥാനാർത്ഥിയായ കോടീശ്വരൻ റിക്ക് കരുസോ ഉൾപ്പെടെയുള്ളവർ നിത്യയുടെ പൊലീസ് നയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നാഷണൽ കമ്മിറ്റി (DSA) നിത്യ രാമനുള്ള പിന്തുണ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിനെതിരെയുള്ള ബിഡിഎസ് (BDS) പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് നിത്യ സ്വീകരിച്ച നിലപാടാണ് ഇടതുപക്ഷ ഗ്രൂപ്പുകളിൽ ഭിന്നതയുണ്ടാക്കിയത്. ഇത് ഇടതുപക്ഷ വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയേക്കാം.

ലോസ് ഏഞ്ചലസ് നഗരത്തിൽ നിലവിലുള്ള വ്യവസ്ഥിതി മാറ്റണമെന്ന വോട്ടർമാരുടെ ആഗ്രഹമാണ് നിത്യ രാമന്റെ മുന്നേറ്റത്തിന് കാരണം. എന്നാൽ വരും ദിവസങ്ങളിലെ ടെലിവിഷൻ സംവാദങ്ങളും ബാസ് ക്യാമ്പ് ഉയർത്തുന്ന ആരോപണങ്ങളും നിത്യ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ വിജയം. നിലവിൽ വലിയ സാധ്യത കൽപ്പിക്കപ്പെടുമ്പോഴും, വോട്ടർമാരുടെ മനസ്സിലിരുപ്പ് പ്രവചനാതീതമായതിനാൽ ഇതൊരു തീപാറുന്ന പോരാട്ടമായി തുടരുന്നു.

Share Email
LATEST excelnclexrn
More Articles
Top