മലയാള ചലച്ചിത്ര താരം ബാലു വർഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി രംഗത്ത്. തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി താരത്തിന് വക്കീൽ നോട്ടീസ് അയച്ചു. മാപ്പ് പറയണമെന്നും ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ സ്ത്രീകൾ സമാനമായ അനുഭവങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്.
നീന്തൽക്കുളത്തിൽ വെച്ചുനടന്ന ഒരു സൗഹൃദ കളിക്കിടെ താൻ അറിയാതെ ശരീരത്തിൽ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ പ്രധാന ആരോപണം. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് നടൻ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, കരുതിക്കൂട്ടി ചെയ്തതാണെന്ന് വ്യക്തമാണെന്ന് യുവതി പറഞ്ഞു. തുടർന്ന് ഈ വിഷയം സുഹൃത്തുക്കളോട് പങ്കുവെച്ചപ്പോഴാണ് ബാലു വർഗീസിൽ നിന്ന് സമാനമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്ന മറ്റ് ചില സ്ത്രീകളും വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിലും പൊതു ഇടങ്ങളിലും വെച്ച് തന്നോട് മോശമായി പെരുമാറിയതായി മറ്റ് രണ്ട് സ്ത്രീകൾ കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. എതിർപ്പ് പ്രകടിപ്പിച്ചിട്ടും മോശം പെരുമാറ്റം തുടർന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പുതിയ ആരോപണങ്ങളോടും വക്കീൽ നോട്ടീസിനോടും ബന്ധപ്പെട്ട് നടൻ ബാലു വർഗീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


















