മാസപ്പടിയിൽ സമൻസ് കിട്ടിയത് പിണറായിക്ക്‌, അടി മുഴുവൻ കോൺഗ്രസിൽ! സർക്കാർ നിലപാടിന്റെ പേരിൽ കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് പോർവിളി

മാസപ്പടിയിൽ സമൻസ് കിട്ടിയത് പിണറായിക്ക്‌, അടി മുഴുവൻ കോൺഗ്രസിൽ! സർക്കാർ നിലപാടിന്റെ പേരിൽ കെപിസിസി മീഡിയ സെൽ ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് പോർവിളി

മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സംഭവത്തിൽ കെ.പി.സി.സി.യുടെ ഔദ്യോഗിക മീഡിയ സെൽ വാട്സ്ആപ്പ് ഗ്രൂപ്പിലടക്കം നേതാക്കൾ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് വക്താവ് ജിന്റോ ജോൺ, വി.ആർ. അനൂപ്, സി.ആർ. മഹേഷ് എം.എൽ.എ. തുടങ്ങിയവരും മറ്റു നേതാക്കളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പിണറായി സർക്കാർ നീതി നിഷേധിച്ച കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്തുവന്നതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നു. പിണറായിക്ക്‌ ഇ ഡി സമൻസ് നൽകിയതോടെയാണ് കോൺഗ്രസിൽ പോർവിളി ശക്തമായത്

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ചും സർക്കാരിന്റെ നിയമപരമായ നിലപാടിനെ വൈകാരികമായി കാണേണ്ടതില്ലെന്ന് ഓർമ്മിപ്പിച്ചും മറുവിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം അനാവശ്യമായ വൈകാരിക പ്രതികരണങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് സർക്കാർ അനുകൂലികളുടെ വാദം. ഉമ്മൻ ചാണ്ടിക്ക് നീതി കിട്ടണമെങ്കിൽ പിണറായിയെ ശിക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെയെന്നും, സോളാർ കേസിൽ ഗൂഢാലോചന നടത്തിയത് കെ.ബി. ഗണേഷ് കുമാർ അല്ലേ, അപ്പോൾ ഗണേഷിനെ അല്ലേ ശിക്ഷിക്കേണ്ടതെന്നും, ഇത്തരം പ്രതികരണങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും സർക്കാർ അനുകൂലികൾ വാദിക്കുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് വൈകാരികമായി ഓർമ്മിപ്പിച്ചാണ് വിമർശകർ സർക്കാരിനെതിരായ നീക്കം കടുപ്പിക്കുന്നത്.

മാസപ്പടി കേസിൽ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറലിനെ (എ.ജി.) മുഖ്യമന്ത്രി പൂർണ്ണമായും പിന്തുണച്ചതിലും പാർട്ടിക്ക് അകത്ത് കടുത്ത വിമർശനമുണ്ട്. ആദ്യം അന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ ശരിയായ പാർട്ടി ലൈൻ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിക്കുമ്പോഴാണ്, ഉമ്മൻചാണ്ടിയോടുള്ള നീതിനിഷേധം അടക്കം ചൂണ്ടിക്കാണിച്ചുള്ള എതിർചേരിയുടെ നീക്കങ്ങൾ ചർച്ചയാകുന്നത്. സോളാർ കാലത്തെ സംഭവങ്ങളും നിലവിലെ സർക്കാർ നിലപാടുകളും കോൺഗ്രസിനുള്ളിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

പാർട്ടിക്കുള്ളിലെ ഈ പരസ്യമായ ചേരിതിരിവ് കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. നിയമപരമായ കാര്യങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തി ഇരുവിഭാഗങ്ങളും ശക്തമായ വാദമുഖങ്ങളാണ് ഉന്നയിക്കുന്നത്. മാത്യു കുഴൽനാടന് ലഭിച്ച പിന്തുണയും സോളാർ കാലത്തെ അനുഭവങ്ങളും മുൻനിർത്തി പാർട്ടിയിൽ ചർച്ചകൾ സജീവമാകുമ്പോൾ, വരും ദിവസങ്ങളിൽ ഈ വിഷയം കോൺഗ്രസിൽ കൂടുതൽ രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമായേക്കുമെന്നാണ് സൂചന.

Share Email
LATEST excelnclexrn
More Articles
Top