തിരുവനന്തപുരം: ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വിശദമായ മൊഴിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വി. അബ്ദുറഹിമാന്റെ മൊഴി ഉൾപ്പെടുത്തിയുള്ള പ്രാഥമിക റിപ്പോർട്ട് പ്രത്യേക സംഘം ഡിജിപിക്ക് കൈമാറി.
സംബന്ധിച്ച വകുപ്പുകളെയോ ഔദ്യോഗിക നടപടിക്രമങ്ങളെയോ അറിയിക്കാതെ അബ്ദുറഹിമാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ വിദേശയാത്രകളെക്കുറിച്ചും അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു. കേസിൽ കൂടുതൽ വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡിജിപിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണവും തുടർനടപടികളും തീരുമാനിക്കും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിലും കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നാണ് സൂചന.
















