ജോർജിയ: അമേരിക്കയിലെ ജോർജിയയിലുള്ള റോസ്‌വെൽ ഏരിയ പാർക്കിൽ ശേഖരിച്ച കൊതുകുകളിൽ വീണ്ടും വെസ്റ്റ് നൈൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സെപ്റ്റംബർ ആദ്യവാരത്തിൽ ഇതേ പാർക്കിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ മരുന്നുകൾ തളിച്ചിരുന്നുവെങ്കിലും, വീണ്ടും വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഫുൾട്ടൺ കൗണ്ടി ബോർഡ് ഓഫ് പബ്ലിക് ഹെൽത്തും കൊതുകു നിവാരണ ഏജൻസിയായ വെക്റ്റർ ഡിസീസ് കൺട്രോൾ ഇന്റർനാഷണലും ചേർന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി പാർക്കിൽ കീടനാശിനി തളിക്കൽ പൂർത്തിയാക്കി.
മുൻകരുതൽ നടപടികൾ പുരോഗമിക്കുമ്പോഴും പാർക്കിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും നിശ്ചയിച്ച പരിപാടികൾക്കൊന്നും മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ജോർജിയയിൽ ഇതുവരെ എട്ടു പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
വെസ്റ്റ് നൈൽ വൈറസിനെതിരെ ജാഗ്രത പാലിക്കാൻ യു.എസ് രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും പുലർച്ചെയും കൊതുകു കടിയേൽക്കാതിരിക്കാൻ പൂർണ്ണമായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കാനും ഇ.പി.എ അംഗീകൃത കൊതുകു നിവാരണ ലോഷനുകൾ ഉപയോഗിക്കാനും അധികൃതർ ആവശ്യപ്പെട്ടു. രോഗബാധയേൽക്കുന്ന ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ പ്രകടമാകാറില്ലെങ്കിലും, വയോധികരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
















