ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. ചാലക്കുടിയിലെ എം.സി.ആർ. ബേക്കറിക്ക് അനുവദിച്ച ഹോർട്ടിവൈൻ വിൽപ്പന ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബേക്കറി വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത് യു.ഡി.എഫ്. സർക്കാരാണെന്നും ജൂൺ മാസത്തിലാണ് ലൈസൻസ് അനുവദിച്ചതെന്നും മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എന്നിട്ടും ഇക്കാര്യം അറിയില്ലെന്നാണ് നിലവിലെ എക്സൈസ് മന്ത്രിയുടെ വാദമെന്നും, വിവാദം ഉയർന്നതിനു പിന്നാലെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം കൈയടി നേടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ സർക്കാർ നിശ്ചയിച്ച ചട്ടങ്ങളും നിയമങ്ങളും പൂർണ്ണമായും പാലിച്ചാണ് ബേക്കറി വഴി ഹോർട്ടിവൈൻ വിറ്റതെന്ന് ഉൽപ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിലെ ബേക്കറിക്ക് ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ എക്സൈസ് വകുപ്പിന്റെ തീരുമാനമാണ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചർച്ച നടത്തിയ ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. എക്സൈസ് കമ്മീഷണറുടെ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം. 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടിവൈൻ ബേക്കറികൾ വഴി വിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ, ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. 2024 ജനുവരി 24-ലെ അബ്കാരി നിയമഭേദഗതി പ്രകാരം സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള ബേക്കറികൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകാമായിരുന്നു. 2025 നവംബറിൽ ചാലക്കുടിയിലെ ബേക്കറി അപേക്ഷിച്ചെങ്കിലും യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ജൂൺ 21-നാണ് വിൽപ്പനയ്ക്ക് ഔദ്യോഗിക അനുമതി ലഭിച്ചത്. ബേക്കറികളിൽ വൈൻ വിൽക്കാനുള്ള നീക്കം പുറത്തുവന്നതോടെ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ ശക്തമായിരിക്കുകയാണ്.



















