തന്ത്രപ്രധാനമായ നാവികസേനാ രഹസ്യങ്ങൾ പാകിസ്ഥാൻ ഏജന്റിന് ചോർത്തി നൽകിയ 31-കാരനായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെ ഒക്ടോബർ 3-നാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കോയമ്പത്തൂരിലെ നാവികസേനയുടെ ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐ.എൻ.എസ് അഗ്രണിയിൽ വച്ചായിരുന്നു അറസ്റ്റ്. ഒരു മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കാനായി കഴിഞ്ഞ ഒരു ആഴ്‌ചയായി ഇയാൾ ഇവിടെ തങ്ങുകയായിരുന്നു.
2014-ൽ നാവികസേനയിൽ ചേർന്ന പ്രദീപ് മുഖർജി വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിലാണ് ജോലി ചെയ്തിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു വനിതാ പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റ് സോഷ്യൽ മീഡിയ വഴി ഇയാളെ ബന്ധപ്പെടുകയും ഹണിട്രാപ്പിൽ പെടുത്തുകയുമായിരുന്നു. തുടർന്ന് വളർത്തിയെടുത്ത ഓൺലൈൻ സൗഹൃദം മുതലെടുത്ത് വിശാഖപട്ടണം നേവൽ ബേസിന്റെ പ്രവർത്തനങ്ങൾ, യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, മറ്റ് തന്ത്രപ്രധാനമായ നാവിക ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് ചോർത്തി നൽകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതിർത്തി കടന്നുള്ള ചാരവൃത്തിയും തീവ്രവാദ ഭീഷണികളും അന്വേഷിക്കുന്നതിൽ വിദഗ്ധരായ കൗണ്ടർ ഇന്റലിജൻസ് സെല്ലാണ് നാവികസേനാംഗത്തിന്റെ സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കർശന നിരീക്ഷണത്തിലാക്കുകയും ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡിജിറ്റൽ തെളിവുകൾ മുൻനിർത്തി കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.















