ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ യു.എസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് സമാനമായ “9/11 മോഡൽ” ദുരന്തത്തോട ഉപമിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഔദ്യോഗിക പ്രസ്താവനയിലൂടെയും സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലുമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിലുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്തിലെ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് ആക്രമണം നടത്താൻ ശ്രമിച്ച സഹപൈലറ്റ് ഒമാൻ പൗരനാണെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. വിമാനം തട്ടിയെടുക്കാനോ തകർക്കാനോ ഉള്ള ശ്രമമാണ് നടന്നതെന്നും, കടുത്ത സുരക്ഷാ ഭീഷണിയാണ് ഇതിലൂടെ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് (FZ1073) വിമാനത്തിൽ സഹപൈലറ്റായ ഒമാൻ പൗരൻ നടത്തിയ ആക്രമണം വൻ വിമാന ദുരന്തമായി മാറാതെ ഒഴിവായത് ക്രാഷ് കോക്ക്പിറ്റിലെ ധീരമായ ചെറുത്തുനിൽപ്പ് മൂലമാണ്. വിമാനം തട്ടിയെടുക്കാനോ തകർക്കാനോ ഉള്ള ശ്രമത്തിനിടെ ക്യാപ്റ്റൻ സ്മിത് മച്ചാറിന് കഠിനമായി കുത്തേറ്റുവെങ്കിലും, ഗുരുതര പരിക്കുകളോടെ അദ്ദേഹം കോക്ക്പിറ്റ് വാതിൽ അൺലോക്ക് ചെയ്തതാണ് രക്ഷയായത്. ഇതിനിടെ വിമാനം വെറും 30 സെക്കൻഡിനുള്ളിൽ 14,000 അടിയോളം താഴേക്ക് പതിച്ചിരുന്നു.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളും ഉടനടി കോക്ക്പിറ്റിലേക്ക് കുതിച്ചെത്തുകയും അക്രമിയായ ഒമാൻ സ്വദേശിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. യാത്രക്കാരായ യാനിവ് ഹായൂൺ, ഡോ. ഷോട്ട മുസയേവ് എന്നിവരുടെ നേതൃത്വത്തിൽ മൾട്ടിമീഡിയ ഹെഡ്ഫോൺ വയറുകളും സിപ്പ് ടൈകളും ഉപയോഗിച്ച് അക്രമിയെ കൂട്ടിക്കെട്ടി. യാദൃച്ഛികമായി വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ബാക്കപ്പ് പൈലറ്റുമാർ ഉടനടി കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ തബുക് എയർപോർട്ടിൽ ലാൻഡ് ചെയ്യിച്ചു.
ഈ സംഭവത്തെ “9/11 മോഡൽ” ഭീകരാക്രമണ ശ്രമത്തോട് ഉപമിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിദിയോൺ സാറും, ഇന്ത്യൻ വൈലറ്റ് സ്മിത് മച്ചാറിന്റെയും യാത്രക്കാരുടെയും ധീരതയെ വാനോളം പ്രശംസിച്ചു. അക്രമിയായ ഒമാൻ പൗരനെ പ്രാഥമിക അന്വേഷണത്തിന് ശേഷം സൗദി അറേബ്യ യു.എ.ഇക്ക് കൈമാറും. ഇയാളെ വിട്ടുകിട്ടാൻ യു.എ.ഇയിൽ ഇസ്രായേൽ സമ്മർദ്ദം ചെലുത്തും. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർന്നുള്ള ചികിത്സയ്ക്കായി അബുദാബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
















