വാഷിംഗ്ടണ്: ഇന്ത്യയിലെ വോട്ടര്പട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്ത അമേരിക്കന് കോണ്ഗ്രസ് അംഗം പ്രമീള ജയ്പാലിന്റെ പരാമര്ശത്തിനെതിരെ ഇന്ത്യന് അംബാസഡര് വിനയ് മോഹന് ക്വാത്ര. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അംഗീകരിക്കാനാവാത്ത ഇടപെടലാണ് പ്രസ്താവനയെന്ന് അദ്ദേഹം വിമര്ശിച്ചു. ശക്തവും സ്വതന്ത്രവുമായ ഭരണഘടനാ സ്ഥാപനങ്ങളുള്ള സജീവ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ച് പ്രമീള ജയ്പാല് നടത്തിയ പരാമര്ശങ്ങള് ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് ക്വാത്ര സമൂഹമാധ്യമമായ എക്സില് കുറിച്ചു.
സ്വതന്ത്രവും നീതിപൂര്വവുമായ തിരഞ്ഞെ ടുപ്പുകളുടെ ദീര്ഘകാല പാരമ്പര്യം ഇന്ത്യയ്ക്കു ണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണകള് നീക്കുന്നതിനായി കോണ്ഗ്രസ് അംഗവുമായി ക്രിയാത്മകമായ ചര്ച്ചകള്ക്ക് താന് എപ്പോഴും തയ്യാറാണെന്നും ഇന്ത്യന് അംബാസഡര് വ്യക്തമാക്കി.ഇന്ത്യയിലെ കരട് വോട്ടര്പട്ടി കയില്നിന്ന് 13 കോടി പേരുടെ പേരുകള് നീക്കം ചെയ്തെന്നാരോപിച്ച് ജയ്പാല് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യന് അംബാസഡറുടെ പ്രതികരണം. ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്ക്കെതിരെ നടക്കുന്ന അഹിംസാത്മക പ്രതിഷേധങ്ങള്ക്ക് പിന്തുണ നല്കുന്നതായും വാഷിങ്ടണ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് പാര്ട്ടി അംഗമായ ജയ്പാല് പറഞ്ഞിരുന്നു.
അമേരിക്കയില് ട്രംപ് ഭരണകൂടം വോട്ടവകാശ ത്തെ ദുര്ബലപ്പെടുത്താന് ശ്രമിക്കുന്നതിനു സമാനമായ നടപടികളാണ് ഇന്ത്യയിലും നടക്കുന്നതെന്നും അവര് ആരോപിച്ചു.ഇന്ത്യയിലും അമേരിക്കയിലും ജനങ്ങള്ക്ക് സ്വതന്ത്രവും നീതിപൂര്വവുമായ തിരഞ്ഞെടുപ്പുകള്ക്ക് അവകാശമുണ്ടെന്നും ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജയ്പാല് വ്യക്തമാക്കി. ജനാധിപത്യവിരുദ്ധ നീക്കങ്ങള്ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ഇന്ത്യന് ജനതയ്ക്കൊപ്പമാണ് താനെന്നും അവര് കൂട്ടിച്ചേര്ത്തു.
അതേസമയം, സ്പെഷല് ഇന്റന്സീവ് റിവിഷന് (എസ്ഐആര്) നടപടിയുടെ ഭാഗമായി 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്ന ആദ്യ രണ്ടു ഘട്ടങ്ങളില് കരട് വോട്ടര്പട്ടികയില്നിന്ന് ഏകദേശം 7.2 കോടി പേരുകളാണ് നീക്കം ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള് വ്യക്തമാക്കുന്നു. മൂന്നാം ഘട്ടത്തില് കരട് പട്ടിക പ്രസിദ്ധീകരിച്ച 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങ ളിലുമായി 6.16 കോടി പേരുകളാണ് ഒഴിവാക്കപ്പെ ട്ടത്. മരിച്ചവര്, ഇരട്ടപ്പേരുകള്, താമസം മാറിയവര്, വോട്ടര്പട്ടികയില് തുടരാന് അര്ഹതയില്ലാത്തവര് എന്നിവരെ കണ്ടെത്തി പട്ടിക പുതുക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് കമ്മിഷന്റെ വിശദീകരണം. അര്ഹരായ വോട്ടര്മാരുടെ പേരുകള് അബദ്ധത്തില് ഒഴിവായിട്ടുണ്ടെങ്കില് അവകാശവാദങ്ങളും എതിര്പ്പുകളും സമര്പ്പിക്കുന്ന നടപടിയിലൂടെയും തുടര്ന്ന് ഫോം 6 വഴിയും പേരുകള് ഉള്പ്പെടുത്താന് അവസരമുണ്ടെന്നും കമ്മിഷന് അറിയിച്ചു.
No interference needed in the revision of India’s electoral rolls; Indian Ambassador responds to remarks by a US Congressman



















