99കാരിയുടെ 9.6 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്ത നഴ്‌സിനു ബ്രിട്ടണില്‍ തൊഴില്‍വിലക്ക്

99കാരിയുടെ 9.6 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്ത നഴ്‌സിനു ബ്രിട്ടണില്‍ തൊഴില്‍വിലക്ക്

ലണ്ടന്‍: 99കാരിയായ വയോധികയെ വിശ്വാസത്തിലെടുത്ത് അവരുടെ വസ്തുക്കള്‍ ഉള്‍പ്പെടെ ഏകദേശം 9.6 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കിയ കേസില്‍ ബ്രിട്ടനില്‍ നഴ്‌സിന് തൊഴില്‍വിലക്ക്. വെയില്‍സിലെ ഫ്‌ലിന്റ്ഷയറിലുള്ള ബ്രിന്‍ ഇര്‍ ഹോള്‍ കെയര്‍ ഹോമിലെ മുന്‍ ഡെപ്യൂട്ടി മാനേജരായ റെബേക്ക ബര്‍വുഡിനെതിരെയാണ് നടപടി. വയോധികയുടെ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

2017ല്‍ വീണതിനെത്തുടര്‍ന്ന് വയോധിക ഏറെ ദുര്‍ബലയായ സാഹചര്യം മുതലെടുത്താണ് ബര്‍വുഡ് അവരുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വയോധികയെ സ്വന്തം ‘നാനാ’ എന്നാണ് ബര്‍വുഡ് വിളിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 3.7 ലക്ഷം പൗണ്ട് (ഏകദേശം 4.6 കോടി രൂപ) വയോധികയില്‍നിന്ന് കൈപ്പറ്റിയതായി ട്രൈബ്യൂണല്‍ കണ്ടെത്തി. നാ ലക്ഷം പൗണ്ട് (ഏകദേശം 5 കോടി രൂപ) വിലമതിക്കുന്ന വീടുള്‍പ്പെടെ ആകെ 7.7 ലക്ഷം പൗണ്ടിന്റെ (ഏകദേശം 9.6 കോടി രൂപ) സ്വത്താണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വയോധികയുടെ വീടിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റാന്‍ ബര്‍വുഡ് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്. 2018ലാണ് വയോധിക കെയര്‍ ഹോമിലേക്ക് താമസം മാറിയത്. വീടിന്റെ അറ്റകുറ്റപ്പണികള്‍, മറ്റ് ഗാര്‍ഹിക ചെലവുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കായി വയോധികയുടെ പണം ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ഭാവിയില്‍ മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ ഉണ്ടായാല്‍ വയോധികയ്ക്ക് തന്നോടൊപ്പം താമസിക്കാനാകുമെന്നു പറഞ്ഞ് വീടിനോട് അനുബന്ധിച്ച് അധിക സൗകര്യങ്ങള്‍ ഒരുക്കാനും ബര്‍വുഡ് ശ്രമിച്ചിരുന്നതായി ട്രൈബ്യൂണലില്‍ വെളിപ്പെട്ടു. കാര്‍, ക്യാമ്പര്‍വാന്‍, വീടിന്റെ നവീകരണം എന്നിവയ്ക്കു പുറമെ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കായും പണം ചെലവഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

2023 മാര്‍ച്ചില്‍ വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് കൂടുതല്‍ തുകകള്‍ പിന്‍വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്ക് അധികൃതര്‍ നോര്‍ത്ത് വെയില്‍സ് പൊലീസിനെ വിവരമറിയിച്ചു. പിന്നീട് മറ്റൊരു നഴ്‌സും ബര്‍വുഡ് പണത്തെക്കുറിച്ച് സംസാരിക്കുന്നതും വയോധികയോട് രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുന്നതും കേട്ടതായി പരാതി ഉന്നയിച്ചു. തുടക്കത്തില്‍ തങ്ങളുടെ സൗഹൃദം സംരക്ഷിക്കണമെന്ന നിലപാടിലായിരുന്നു വയോധികയെങ്കിലും കേസ് നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന് (എന്‍എംസി) കൈമാറി.

വയോധികയുടെ ദുര്‍ബലാവസ്ഥ സാമ്പത്തിക നേട്ടത്തിനായി നഴ്‌സ് ദുരുപയോഗം ചെയ്തതായി ട്രൈബ്യൂണല്‍ വിലയിരുത്തി. ഗുരുതരമായ തൊഴില്‍ദുരാചരണമായി കണക്കാക്കിയ സംഭവത്തില്‍ ബര്‍വുഡിനെ നഴ്‌സുമാരുടെ ഔദ്യോഗിക രജിസ്റ്ററില്‍നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യാനുള്ള അനുമതി അവര്‍ക്ക് നഷ്ടമായി. ഇതിനിടെ വയോധിക മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Nurse in Britain banned from working after swindling 99-year-old woman out of assets worth £9.6 crore

Share Email
LATEST excelnclexrn
Top