തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ഇ.ഡി സംഘം എത്തുമ്പോൾ പിണറായി കണ്ണൂരിലായിരുന്നു; ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഇ.ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ നോട്ടീസ് പതിപ്പിച്ചത്.
എന്നാൽ, ഇ.ഡി സമൻസ് ലഭിച്ചെങ്കിലും വെള്ളിയാഴ്ച പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി അദ്ദേഹം അസൗകര്യം അറിയിച്ചേക്കും. ഹൈക്കോടതി വിധികളും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ഈ മാസം 26-ന് പരിഗണിക്കാൻ സാധ്യതയുണ്ട്. 23-ന് ഹാജരാകാതിരിക്കുകയും 26-ന് സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവോ സ്റ്റേയോ ലഭിക്കുകയോ ചെയ്താൽ ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സി.എം.ആർ.എൽ – എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇ.സി.ഐ.ആറിലെ (ECIR) അന്വേഷണമാണ് പിണറായി വിജയനിലേക്ക് നീണ്ടത്. പിണറായി ഒന്നാം പ്രതിയായ ഈ കേസിലെ അന്വേഷണത്തിനാണ് ഇ.ഡി നിലവിൽ പ്രാധാന്യം നൽകുന്നത്. കേസിൽ വീണ ടി. അടക്കമുള്ള മറ്റ് പ്രതികളെയും വീണ്ടും ചോദ്യം ചെയ്തേക്കും. അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസുള്ളുവെങ്കിലും അദ്ദേഹത്തിനുള്ള സമൻസ് ഈ ഘട്ടത്തിൽ ഉടനെയുണ്ടായേക്കില്ലെന്നാണ് സൂചന.



















