വാഷിംഗടണ്‍: യുഎസിലെ കന്‍സാസ് സംസ്ഥാനത്തെ വിചിറ്റയില്‍ കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തിനിടയിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ആറു വയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്ട്രൈക്കര്‍ സോക്കര്‍ കോംപ്ലക്സിലാണ് സംഭവം
അപകടത്തില്‍ ആറു വയസ്സുകാരനായ കോള്‍ അഡ്രിയാനും 35 കാരനായ നിക്കോളാസ് ഷാഫറുമാണെന്ന്മരിച്ചതെന്നു വിചിറ്റ പൊലീസ് വ്യക്തമാക്കി. ഇരുവരും കന്‍സാസിലെ മക്ഫേഴ്സണ് സ്വദേശികളാണ്. പരുക്കേറ്റവരില്‍ അഞ്ചു മുതല്‍ ഒന്‍പതു വയസവരെയുള്ള അഞ്ചു കുട്ടികളും അഞ്ചു മുതിര്‍ന്നവരും ഉള്‍പ്പെടുന്നു.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 3.25ഓടെ അപകടത്തെക്കുറിച്ച് അടിയന്തരസഹായ നമ്പറിലേക്ക് നിരവധി ഫോണ്‍വിളികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. അപകടത്തിനുശേഷം ട്രക്ക് ഓടിച്ചിരുന്ന 34കാരിയായ യുവതി വാഹനത്തിനരികില്ത്തന്നെ തുടര്‍ന്നതായി പൊലീസ് പറഞ്ഞു. കന്‍സാസിലെ ഗാര്ഡന് സിറ്റി സ്വദേശിയായ യുവതിയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ല. പരിശോധനാ ഫലങ്ങളും വാഹനത്തിന്റെ സാങ്കേതിക പരിശോധനയും ലഭിക്കുന്നതുവരെ ഇവരെ കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തോട് യുവതി സഹകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന രണ്ടു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ 30ലധികം സാക്ഷികളെ പൊലീസ് ചോദ്യം ചെയ്തു. ഡ്രൈവറുടെ കുട്ടികളിലൊരാള്‍ അതേ കായിക സമുച്ചയത്തില്‍ ഫുട്ബോള്‍ കളിക്കാനെത്തിയിരുന്നെങ്കിലും അപകടമുണ്ടായ സമയത്ത് ഈ മൈതാനത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് മൈതാനത്തിന്റെ പടിഞ്ഞാറുഭാഗത്താണ് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പുതന്നെ പരുക്കേറ്റവരെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയതായി പൊലീസ് മേധാവി ജോ സള്ളിവന് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ദൃശ്യങ്ങളോ ചിത്രങ്ങളോ കൈവശമുള്ളവര്‍ പൊലീസുമായി പങ്കുവയ്ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
കുട്ടികള്‍ ഫുട്ബോള്‍ കളിക്കുകയും കുടുംബങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യേണ്ടിയിരുന്ന ദിവസം ദുരന്തമായി മാറിയതായി വിചിറ്റ മേയര്‍ ലിലി വു പ്രതികരിച്ചു. ദുരന്തത്തില്‍ നഗരം ഒന്നടങ്കം ദുഃഖിക്കുകയാണെന്നും അവര്‍ പറഞ്ഞു. കന്‍സാസ് ഗവര്‍ണര്‍ ലോറ കെല്ലിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് സ്ട്രൈക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സിലെ എല്ലാ പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായി നഗരസഭ അറിയിച്ചു.
Pickup truck crashes into children’s football match in Kansas; two, including a six-year-old, killed, and 11 others injured.



















