ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ. ‘ആൻ അവതാർ ഫോർ ഔർ ടൈംസ്’ എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019-ലെ ഒരു കൂടിക്കാഴ്ചയിലാണ് താൻ ഈ പരാമർശം ആദ്യമായി നടത്തിയതെന്നും, തുടർന്നുണ്ടായ മോദിയുടെ ഭരണപരിഷ്കാരങ്ങളും വികസന നയങ്ങളും തന്റെ നിഗമനം പൂർണ്ണമായും ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണരീതിയെ ഹിമാലയൻ പാരമ്പര്യങ്ങളുമായും ബുദ്ധമത പൈതൃകങ്ങളുമായും ബന്ധപ്പെടുത്തിയ ടോബ്‌ഗേ, ‘സബ്കാ പ്രയാസ്’ എന്ന ജന പങ്കാളിത്തമാണ് അദ്ദേഹത്തിന്റെ വലിയ നേട്ടമായി ചൂണ്ടിക്കാട്ടിയത്.
2014-ൽ അധികാരമേറ്റ ശേഷം മോദി നടത്തിയ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. “B4B: ഭാരത് ഫോർ ഭൂട്ടാൻ, ഭൂട്ടാൻ ഫോർ ഭാരത്” എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച ഇന്ത്യ, ഭൂട്ടാന്റെ 11, 12 പഞ്ചവത്സര പദ്ധതികൾക്ക് സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യ-ഊർജ്ജ മേഖലകളിൽ പിന്തുണയും നൽകി. ഭൂട്ടാന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രൂക്ക് ഗ്യാൽപോ’ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിൽ നിന്ന് ഏറ്റുവാങ്ങിയ ആദ്യ വിദേശ നേതാവു കൂടിയാണ് നരേന്ദ്ര മോദി.
ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’ ദർശനം മേഖലയിൽ സ്ഥിരത ഉറപ്പാക്കുമെന്ന് പറഞ്ഞ ഭൂട്ടാൻ പ്രധാനമന്ത്രി, “വികസിത് ഭാരത് എന്നാൽ വികസിത് ഭൂട്ടാൻ” ആണെന്നും കൂട്ടിച്ചേർത്തു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള 13 വർഷത്തെ അനുഭവസമ്പത്തിനു ശേഷം ഇന്ത്യയിലുടനീളം ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണനിർവ്വഹണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മോദിയുടെ സമർപ്പണത്തിന് സാധിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


















