ജീവിതച്ചെലവ് വർധനയ്ക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം; 70,000 പൊലീസുകാരെ വിന്യസിച്ചു, നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

ജീവിതച്ചെലവ് വർധനയ്ക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം; 70,000 പൊലീസുകാരെ വിന്യസിച്ചു, നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

പാരിസ്: ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസുകാരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു. ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ, ജലപീരങ്കികൾ എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷ ശക്തമാക്കിയത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 135 പേരെ അറസ്റ്റ് ചെയ്തതായും നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയുണ്ടായ അക്രമസംഭവങ്ങളിൽ മൂവായിരത്തോളം കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ എന്നിവ അടച്ചിട്ടു. വ്യാപാരികളും തങ്ങളുടെ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പാരിസിൽ നടത്താനിരുന്ന പ്രതിഷേധ പ്രകടനങ്ങളുടെ റൂട്ട് പൊലീസ് അവസാന നിമിഷം മാറ്റി. നഗരത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിലേക്ക് പ്രതിഷേധം മാറ്റാനാണ് നിർദേശം നൽകിയത്. പൊലീസിന്റെ നിർദേശം ലംഘിച്ച് ലിയോണിൽ പ്രതിഷേധം നടത്തിയവർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർഥി ഗ്രാന്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ജനപ്രീതി റെക്കോർഡ് താഴ്ന്ന നിലയിലെത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. ഇറ്റലി, സ്പെയിൻ, അൽബേനിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ജീവിതച്ചെലവ് വർധനയ്ക്കെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Share Email
LATEST excelnclexrn
Top