ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണങ്ങൾ വെറും ഷോ മാത്രമാണെന്നും, നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് അദ്ദേഹം ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ തുറന്നടിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തില്ലെന്നും ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.
വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് കളിക്കുന്നത് തികച്ചും നെഗറ്റീവ് രാഷ്ട്രീയമാണെന്നും, ഈ രീതി തുടർന്നാൽ 2030 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ പോലും അവർക്ക് ജയിക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തുകയും, തോൽക്കുമ്പോൾ കമ്മീഷനെതിരെ തിരിയുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പും അദ്ദേഹം വിമർശിച്ചു.
അതേസമയം, ആം ആദ്മി പാർട്ടി (എ.എ.പി.) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ രൂക്ഷമായി വിമർശനം ഉന്നയിച്ചു. പഞ്ചാബിൽ നിന്ന് എ.എ.പി. സർക്കാരിനെ വേരോടെ പിഴുതെറിഞ്ഞ് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് അവർ രാഷ്ട്രീയം നടത്തിയത്. ഡൽഹിയിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ പോലും അവർ ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും, പഞ്ചാബിലും ബി.ജെ.പി. ഭരണം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



















