മിനിയപൊളിസ്: കഴിഞ്ഞ ജനുവരിയിൽ മിനിയപൊളിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് റെനി ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഫെഡറൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സിവിൽ ഹർജികളുമായി കുടുംബം. ഐസ് ഉദ്യോഗസ്ഥനായ ജോനാഥൻ റോസിന്റെ വെടിയേറ്റാണ് റെനി ഗുഡ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുടുംബം സമർപ്പിച്ച ആദ്യ ഹർജിയിൽ യുഎസ് സർക്കാരിനെ പ്രതിയാക്കിയിട്ടുണ്ട്. മിനസോട്ട സംസ്ഥാന നിയമപ്രകാരം അന്യായമായ മരണം, കടന്നാക്രമണം, അനധികൃത തടഞ്ഞുവെക്കൽ, കടുത്ത മാനസിക പീഡനം, ഗുരുതരമായ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
വെടിയുതിർത്ത ഏജന്റ് ജോനാഥൻ റോസ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, മുൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എന്നിവരെ പ്രതികളാക്കിയാണ് രണ്ടാമത്തെ ഹർജി. പൗരാവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരും ഫെഡറൽ ഏജന്റുമാരും ഗൂഢാലോചന നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.
സൊമാലിയൻ, ഹിസ്പാനിക് സമൂഹങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് വംശീയ വിവേചനപരമായ നടപടികളാണ് ഫെഡറൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും കുടുംബം കോടതിയിൽ ആരോപിച്ചു.
ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തുന്ന വെടിവെപ്പുകളുമായി ബന്ധപ്പെട്ട് യുഎസ് കോൺഗ്രസിന് മുമ്പാകെ റെനി ഗുഡിന്റെ അമ്മയും സഹോദരനും മൊഴി നൽകിയതിന് പിന്നാലെയാണ് ഭരണകൂടത്തിനെതിരെ കുടുംബം ശക്തമായ നിയമനടപടികളുമായി രംഗത്തെത്തിയത്.
















