വാഷിംഗ്ടണ്: യുദ്ധമുഖത്ത് ആശയവിനിമയത്തിനും ഡ്രോണ് പ്രവര്ത്തനങ്ങള്ക്കും സഹായകരമായി യുക്രെയ്ന് ഉപയോഗിക്കുന്ന സ്പേസ് എക്സിന്റെ സൈനിക ഉപഗ്രഹ സേവനമായ സ്റ്റാര്ഷീല്ഡിന് നിയന്ത്രണം ഏര്പ്പെടുത്താന് വൈറ്റ് ഹൗസ് ഉത്തരവിട്ടതായി റിപ്പോര്ട്ട്. രണ്ട് അമേരിക്കന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്ട്ട് പുറത്തുവന്നത്. യുക്രെയ്ന് സൈന്യത്തിനുള്ള സ്റ്റാര്ഷീല്ഡ് സേവനത്തിന്റെ പ്രവര്ത്തനം പരിമിതപ്പെടുത്തണമെന്ന് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്ക്ക് നിര്ദേശം ലഭിച്ചതായാണ് വിവരം. എന്നാല്, വൈറ്റ് ഹൗസില് ആരാണ് ഉത്തരവ് നല്കിയതെന്നോ അത് നടപ്പാക്കാന് ചുമതലപ്പെടുത്തിയതാരെയെന്നോ വ്യക്തമല്ല. അമേരിക്കന് പ്രതിരോധ വകുപ്പാണ് സ്റ്റാര്ഷീല്ഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ്.
അതിവേഗത്തില് സഞ്ചരിക്കുന്ന വസ്തുക്കളില് ഘടിപ്പിച്ചിരുന്ന സൈനിക ആവശ്യങ്ങള്ക്കായുള്ള സ്റ്റാര്ലിങ്ക് റിസീവറുകള് യുക്രെയ്നില് പ്രവര്ത്തനരഹിതമായതായി യുക്രെയ്ന് ഉദ്യോഗസ്ഥര് ഈ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഉപഗ്രഹ സിഗ്നലുകളെ ആശ്രയിക്കുന്ന യുക്രെയ്ന് ഡ്രോണുകളുടെ പ്രവര്ത്തനത്തെ ബാധിച്ചു. റഷ്യന് സൈനിക നീക്കങ്ങള്ക്കും അധിനിവേശ പ്രദേശങ്ങളിലെ സൈനിക-വിതരണ കേന്ദ്രങ്ങള്ക്കുമെതിരായ ആക്രമണങ്ങള് സങ്കീര്ണമായതായും റഷ്യയുടെ ഷഹെദ് ഡ്രോണുകളെ തടയാന് ഉപയോഗിക്കുന്ന ഇന്റര്സെപ്റ്റര് ഡ്രോണുകളുടെ പ്രവര്ത്തനം മന്ദഗതിയിലായതായും റിപ്പോര്ട്ടുണ്ട്. എന്നാല്, മണിക്കൂറില് 100 മൈല് അഥവാ ഏകദേശം 160 കിലോമീറ്റര് വരെ വേഗത്തില് സഞ്ചരിക്കുമ്പോള് റിസീവറുകള് ഇപ്പോള് പ്രവര്ത്തിക്കുന്നുണ്ടെന്ന് യുക്രെയ്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തം വ്യാഴാഴ്ച അറിയിച്ചു.
റഷ്യന് എണ്ണശുദ്ധീകരണശാലകള്ക്കുനേരെയുള്ള ആക്രമണങ്ങള് അവസാനിപ്പിക്കാന് യുക്രെയ്നുമേല് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് സമ്മര്ദം ചെലുത്തുന്നതിനിടെയാണ് ഉപഗ്രഹ സേവനത്തിലെ നിയന്ത്രണവിവരം പുറത്തുവന്നത്. അമേരിക്കയിലെ ഇന്ധനവില ഉയരുന്നതിന് യുക്രെയ്ന്റെ ആക്രമണങ്ങള് കാരണമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്, ഇറാനെതിരായ അമേരിക്ക-ഇസ്രായേല് യുദ്ധവും ഊര്ജമേഖലയിലെ ഇറാന്റെ ആക്രമണങ്ങളും തന്ത്രപ്രധാനമായ ഹോര്മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇന്ധനവില വര്ധനയുടെ പ്രധാന കാരണമെന്ന് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. സ്റ്റാര്ഷീല്ഡിന് നിയന്ത്രണം ഏര്പ്പെടുത്താന് പ്രസിഡന്റ് ഉത്തരവിട്ടെന്ന റിപ്പോര്ട്ടിനെക്കുറിച്ച് പ്രതികരിച്ച ഒരു മുതിര്ന്ന അമേരിക്കന് ഉദ്യോഗസ്ഥന്, അത്തരമൊരു അഭ്യര്ഥന പ്രസിഡന്റ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാല്, ഭരണകൂടത്തിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥര് നിര്ദേശം നല്കിയിട്ടുണ്ടോയെന്ന ചോദ്യത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.
സര്ക്കാര്, ദേശീയ സുരക്ഷാ ആവശ്യങ്ങള്ക്കായി സ്പേസ് എക്സ് പ്രത്യേകം വികസിപ്പിച്ച സംവിധാനമാണ് സ്റ്റാര്ഷീല്ഡ്. സ്റ്റാര്ലിങ്ക് ഉപഗ്രഹ ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്ത്തിക്കുന്നത്. സ്റ്റാര്ഷീല്ഡ് സംവിധാനങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും അമേരിക്കന് സര്ക്കാരിനാണെന്നും ഉപയോഗത്തിനും വേഗത്തിനും ഏര്പ്പെടുത്തുന്ന നിയന്ത്രണങ്ങള് അമേരിക്കന് സൈന്യമോ പ്രസിഡന്റോ ആണ് തീരുമാനിക്കുന്നതെന്നും സ്പേസ് എക്സ് മേധാവി ഇലോണ് മസ്ക് എക്സിലൂടെ വ്യക്തമാക്കി. നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്പേസ് എക്സ്, പെന്റഗണ്, വാഷിങ്ടണിലെ യുക്രെയ്ന് എംബസി എന്നിവ പ്രതികരിച്ചിട്ടില്ല. നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില് ചൊവ്വാഴ്ചയും ബുധനാഴ്ചയും യുക്രെയ്ന് ഉദ്യോഗസ്ഥര് വൈറ്റ് ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്, പെന്റഗണ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായും ഇത് വൈറ്റ് ഹൗസിന്റെ തീരുമാനമാണെന്ന് മറുപടി ലഭിച്ചതായും റിപ്പോര്ട്ടുണ്ട്.
Reports indicate that the White House has ordered restrictions on the Starshield service in Ukraine; drone operations face setbacks.



















