ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ സഖ്യത്തിലെ 13 പ്രമുഖ നേതാക്കൾ നൽകിയ ഹർജികളിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ സുതാര്യതയും സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട നടപടികളും ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാക്കൾ ഹർജി നൽകിയത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നേരത്തെ സമർപ്പിക്കപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം പ്രതിപക്ഷ നേതാക്കളുടെ ആവശ്യങ്ങളും സുപ്രീം കോടതി ഒരുമിച്ച് പരിഗണിക്കും. പുതിയ വോട്ടർമാർക്കുള്ള ഫോം 6 പരിഷ്കരണത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിലും കോടതി വിശദീകരണം തേടി നോട്ടീസയച്ചു. ഫോം 6 ഏകപക്ഷീയമായി പരിഷ്കരിച്ചു എന്ന ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് മാറ്റി സമരം അടിയന്തരമായി തുടരാൻ അനുമതി നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇതിൽ ഡൽഹി പൊലീസിനും കേന്ദ്രത്തിനും നോട്ടീസയക്കാനും പ്രക്ഷോഭ സമയത്തെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ നേതാക്കൾ നടത്തിയ മാർച്ചിനെയും പ്രതിഷേധാത്മക നീക്കങ്ങളെയും ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കും കോടതി നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റുകളിലും അനാവശ്യ വിമർശനങ്ങളിലും കെ.പി.സി.സി ഒഫീഷ്യൽ ഹാൻഡിലിനോട് സുപ്രീം കോടതി വിശദീകരണം തേടി. ന്യായാധിപന്മാർക്കെതിരായ ഇത്തരം പ്രചാരണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, കോടതിയെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും ആർക്കും തങ്ങളെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്നും കർശന മുന്നറിയിപ്പ് നൽകി.



















