ഇൻസ്റ്റാഗ്രാമിൽ സോണിയയുടെ ഗംഭീര അരങ്ങേറ്റം, ആദ്യ ദിനം ബംമ്പർ ഹിറ്റ്, 150 K ഫോളോവേഴ്സ്! ആദ്യ പോസ്റ്റ് വരാനിരിക്കുന്ന പുസ്തകം, ഫോളോ ചെയ്യുന്നത് 3 പേരെ മാത്രം

ഇൻസ്റ്റാഗ്രാമിൽ സോണിയയുടെ ഗംഭീര അരങ്ങേറ്റം, ആദ്യ ദിനം ബംമ്പർ ഹിറ്റ്, 150 K ഫോളോവേഴ്സ്! ആദ്യ പോസ്റ്റ് വരാനിരിക്കുന്ന പുസ്തകം, ഫോളോ ചെയ്യുന്നത് 3 പേരെ മാത്രം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗിക അക്കൗണ്ട് തുറന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി. തന്റെ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റോടെയാണ് അവർ ഡിജിറ്റൽ ലോകത്തേക്ക് ആദ്യമായി കാലെടുത്തുവെച്ചിരിക്കുന്നത്. പ്രണയത്തിന്റെയും കടമയുടെയും നഷ്ടത്തിന്റെയും സ്വന്തമായി ഒരിടം കണ്ടെത്തുന്നതിന്റെയും കഥയാണ് തന്റെ പുതിയ പുസ്തകമെന്ന് അവർ വ്യക്തമാക്കി. ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന സോണിയാ ഗാന്ധിയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് കോൺഗ്രസ് പ്രവർത്തകർക്കും രാഷ്ട്രീയ ലോകത്തിനും വലിയ കൗതുകമായിരിക്കുകയാണ്.

‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന് പേരിട്ടിരിക്കുന്ന തന്റെ ഓർമ്മക്കുറിപ്പ് പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതിന്റെ വീഡിയോ ക്ലിപ്പാണ് ഇൻസ്റ്റാഗ്രാമിലെ ആദ്യ പോസ്റ്റായി സോണിയാ ഗാന്ധി പങ്കുവെച്ചത്. പുസ്തകത്തിന്റെ ആദ്യ കോപ്പികൾ സ്വീകരിക്കുന്നതും ഈ അവസരത്തിൽ മകൾ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പുസ്തകത്തിൽ ധാരാളം ചിത്രങ്ങളുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഏറെക്കാലമായി കാത്തിരുന്ന സോണിയയുടെ ഈ ആത്മകഥ നവംബർ 10-ന് പുറത്തിറങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം കുതിച്ചുകയറുകയാണ് സോണിയ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. രാവിലെ 1500 പേര്‍ മാത്രമായിരുന്നു ഫോളോവേഴ്‌സെങ്കില്‍ ഉച്ചക്ക് രണ്ട് മണിയോടെ ഇത് 50 k യിലേക്ക് കുതിച്ചു. രാത്രി ഇത് 150 k ആയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം സോണിയയുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കൂടാതെ കോൺഗ്രസ് പാർടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് എന്നീ മൂന്ന് അക്കൗണ്ടുകൾ മാത്രമാണ് സോണിയ ഗാന്ധി തിരിച്ച് ഫോളോ ചെയ്യുന്നത് എന്നത് ശ്രദ്ധേയമായി.

ജെൻ സി (Gen Z) വിഭാഗക്കാരുടെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിൽ 79-കാരിയായ സോണിയാ ഗാന്ധി അക്കൗണ്ട് ആരംഭിച്ചത് വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്. അക്കൗണ്ട് ആരംഭിച്ച് ചുരുങ്ങിയ സമയംകൊണ്ട് പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടുകഴിഞ്ഞത്. രാജ്യസഭാംഗവും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയയുടെ ഈ പുതിയ സമൂഹമാധ്യമ സാന്നിധ്യം പാർട്ടിയുടെ യുവജനങ്ങളിലേക്കുള്ള കടന്നുവരവിനെ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share Email
LATEST excelnclexrn
More Articles
Top