മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപ് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസിലെ ആരോപണങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കമ്മീഷന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, അത്തരം ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ ഇടപെടൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിലെ ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിച്ച സുപ്രീം കോടതി, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം പരിശോധിക്കുമെന്നും അറിയിച്ചു.
വാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റേത് അധികാരപരിധി ലംഘിച്ചുള്ള ഇടപെടലാണെന്നും കമ്മീഷന്റെ സുതാര്യതയില്ലാത്ത തീരുമാനങ്ങൾ കാരണം രാജ്യം കത്തുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 2023-ലെ നിയമഭേദഗതിയിലൂടെ ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിട്ടുള്ളതെന്നും വാർത്താക്കുറിപ്പുകൾ പരിശോധിച്ചാൽ പോലും തീരുമാനങ്ങൾ കൂട്ടായല്ല എടുത്തതെന്ന് വ്യക്തമാണെന്നും അഭിഭാഷകർ വാദിച്ചു. കേരളത്തിലെ വിഷയങ്ങളും എസ്.ഐ.ആർ (SIR) മരവിപ്പിക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയ്ക്ക് വന്നു. എസ്.ഐ.ആർ മരവിപ്പിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേൾക്കും.
അതേസമയം, കേസിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നോ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നോ ഉള്ള ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സസ്പെൻഷൻ പോലുള്ള നടപടികൾ ഉണ്ടായാൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ആര് നടത്തുമെന്നാണ് കോടതി ചോദിച്ചത്. തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന ഇടക്കാല ഉത്തരവിനും തയ്യാറാകാതിരുന്ന കോടതി, നിലവിലുള്ള പ്രധാനപ്പെട്ട രേഖകളൊന്നും നശിച്ചുപോകാതെ സൂക്ഷിക്കണമെന്ന് കമ്മീഷന് നിർദ്ദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.


















