വാഷിംഗ്ടണ്: സെല്ഫ് മോഡില് ഓടിയ ടെസ്ല കാര് ഇടിച്ച് രണ്ട് ഉദ്യോഗസ്ഥര്ക്ക് പരിക്ക്. സെല്ഫ് മോഡില് വാഹനം യാത്രതുടരുന്നതിനിടെ ഡ്രൈവര് ഉറങ്ങുകയും കാര് പോലീസ് വാഹനത്തില് ഇടിക്കുകയുമായിരുന്നു. അപകടത്തില് വാഹനത്തിലുണ്ടായിരുന്ന രണ്ട് കാലിഫോര്ണിയ ഹൈവേ പട്രോള് ഉദ്യോഗസ്ഥര്ക്ക് ഗുരുതരമായി പരിക്കേറ്റു. സാക്രമെന്റോ സ്വദേശിയായ 22കാരനാണ് ടെസ്ല ഓടിച്ചിരുന്നത്. അപകടസമയത്ത് താന് ഉറങ്ങുകയായിരുന്നുവെന്ന് ഇയാള് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്ട്ട്.
ഒക്ടോബര് 13 ചൊവ്വാഴ്ച അര്ധരാത്രികാലിഫോര്ണിയയിലെ ഫെയര്ഫീല്ഡിന് സമീപം ഇന്റര്സ്റ്റേറ്റ് 80 ഹൈവേയിലായിരുന്നു അപകടം. നേരത്തെയുണ്ടായ ഒരു വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്ന ഉദ്യോഗസ്ഥരുടെ പട്രോളിംഗ് കാറിലേക്കാണ് ടെസ്ല ഇടിച്ചുകയറിയത്. അപകടസ്ഥലത്തെ ചില പാതകള് അടച്ചിട്ടിരുന്നതായും മുന്നറിയിപ്പ് ഫ്ലെയറുകള്, ട്രാഫിക് കോണുകള്, മിന്നുന്ന എമര്ജന്സി ലൈറ്റുകള് എന്നിവ സ്ഥാപിച്ചിരുന്നതായും കാലിഫോര്ണിയ ഹൈവേ പട്രോള് (സിഎച്ച്പി) അറിയിച്ചു. എന്നാല്, നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ച ടെസ്ല പൊലീസ് വാഹനത്തിന്റെ പിന്നില് ഇടിക്കുകയായിരുന്നു.
സിഎച്ച്പി പുറത്തുവിട്ട ഡാഷ്ക്യാം ദൃശ്യങ്ങളില് ടെസ്ല അതിവേഗത്തില് എത്തി പൊലീസ് വാഹനത്തില് ഇടിക്കുന്നത് കാണാം. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ച് ചികിത്സ നല്കിയശേഷം വിട്ടയച്ചു. ടെസ്ല ഓടിച്ചിരുന്ന 22കാരന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്ട്ട്. ഫുള് സെല്ഫ് ഡ്രൈവിങ് സംവിധാനം ഉപയോഗിക്കുന്നതിനിടെ താന് ഉറങ്ങിപ്പോയതായി ഇയാള് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്ട്ടിലുണ്ട്.
അപകടം നൂതന ഡ്രൈവിങ് സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചും ഓട്ടോമേറ്റഡ് സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും വീണ്ടും ചോദ്യങ്ങള് ഉയര്ത്തിയിട്ടുണ്ട്. പേരില് സെല്ഫ് ഡ്രൈവിങ് എന്നുണ്ടെങ്കിലും ടെസ്ലയുടെ ഈ സംവിധാനം വാഹനത്തെ പൂര്ണമായും സ്വയം നിയന്ത്രിക്കുന്നതല്ല. ഡ്രൈവിങ് സഹായ സംവിധാനമായ ഇത് ഉപയോഗിക്കുമ്പോഴും ഡ്രൈവര് ജാഗ്രത പാലിക്കുകയും റോഡിലെ സാഹചര്യങ്ങള് നിരീക്ഷിക്കുകയും ആവശ്യമെങ്കില് ഉടന് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന് തയ്യാറായിരിക്കുകയും വേണം.
നൂതന ഡ്രൈവിങ് സംവിധാനങ്ങള് ഉപയോഗിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ സുരക്ഷിതമായ പ്രവര്ത്തനത്തിന്റെ ഉത്തരവാദിത്തം ഡ്രൈവര്ക്കുതന്നെയാണെന്ന് കാലിഫോര്ണിയ ഹൈവേ പട്രോള് വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
Tesla car running in ‘self-mode’ crashes into police vehicle; two officers injured



















