രാജു തരകന്
സിന്‍സിനാറ്റി (ഒഹായോ): മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റല്‍ പരിവര്‍ത്തനം, സമൂഹ ശാക്തീകരണം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) സംഘടിപ്പിച്ച 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സിന്‍സിനാറ്റി മാരിയറ്റ് ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും പൗരപ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ‘ദി എ.ഐ വിപ്ലവം: ”കഥപറച്ചിലുകാരെ ശാക്തീകരിക്കലും ന്യൂസ്റൂമുകളുടെ മാറ്റവും”എന്ന വിഷയത്തില്‍ മീഡിയ കോണ്‍ക്ലേവ് നടന്നു. ടെലിവിഷന്‍ പ്രൊഡ്യൂസര്‍ മീര ശങ്കര്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ റോയ് രത്നവേല്‍, വിനോദ് തരകന്, ഡോ. സതീഷ് കതുല, അജയ് ഘോഷ്, പര്‍വീണ്‍ ചോപ്ര, മുത്തു മുതലിയാര്‍ എന്നിവര്‍ ഓട്ടോമേറ്റഡ് ജേണലിസത്തെയും മാധ്യമ ധാര്‍മ്മികതയെയും കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ആസാദ് ജയന് മോഡറേറ്ററായി നടന്ന മലയാളം പോളിസി കോണ്‍ക്ലേവില്‍ ജനാധിപത്യവും പ്രവാസി സമൂഹങ്ങളില്‍ പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്കും ചര്‍ച്ചയായി.

വൈകുന്നേരം നടന്ന ഗ്രാന്‍ഡ് ഗാല അവാര്‍ഡ് നൈറ്റോടെയാണ് സമ്മേളനത്തിന് തിരശ്ശീല വീണത്. മീന ചിറ്റിലപ്പിള്ളി, മില്ലി ഫിലിപ്പ്, മീര ശങ്കര്‍ എന്നിവര്‍ അവതാരകരായി. സ്ഥാപക പ്രസിഡന്റ് അജയ് ഘോഷ്, ചെയര്മാന് ഡോ. സതീഷ് കതുല, പ്രസിഡന്റ് മീന ചിറ്റിലപ്പിള്ളി എന്നിവരുടെ ആമുഖ പ്രസംഗങ്ങള്‍ക്കൊടുവില്‍ വിശിഷ്ടാതിഥിയായ യു.എസ് കോണ്‍ഗ്രസംഗം ഗ്രെഗ് ലാന്‍ഡ്സ്മാന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. ചീഫ് എഡിറ്റര്‍ ഡോ. മാത്യു ജോയ്സും സംഘവും ചേര്‍ന്ന് തയ്യാറാക്കിയ ഐ.എ.പി.സി 2026 സ്മരണിക (സുവനീര്‍) ഗ്രെഗ് ലാന്‍ഡ്സ്മാന്‍ പ്രകാശനം ചെയ്തു. പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് മാത്യു സാമുവല്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

മുഖ്യാതിഥിയായി പങ്കെടുത്ത സിന്‍സിനാറ്റി മേയര്‍ അഫ്താബ് പുരേവാള്‍ പൗരബോധവും സാംസ്കാരിക സംവാദങ്ങളും വളര്‍ത്തുന്നതില്‍ ഐ.എ.പി.സി വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു :
ഗാല നൈറ്റില്‍ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ‘ഐ ഫൗണ്ടേഷന് ഓഫ് അമേരിക്ക’യിലൂടെ കുട്ടികളിലെ അന്ധത തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ് ഡോ. വി.കെ. രാജു, രോഗീക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. മെഹര്‍ മേദവാരം, കോര്‍പ്പറേറ്റ് നേതൃമികവിന് എഴുത്തുകാരനും എക്സിക്യൂട്ടീവുമായ റോയ് രത്നവേല്‍, പൗരാവകാശ പോരാട്ടങ്ങള്‍ക്ക് ഡോ. സുഭാഷ് റസ്ദാന് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
മറ്റു പ്രധാന പുരസ്കാര ജേതാക്കള്‍:
മോസ്റ്റ് ഇംപാക്ട്ഫുള്‍ ബുക്ക് അവാര്‍ഡ്: ഡോ. മുബിന് സയ്യിദ്
കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് (ബിസിനസ് മികവ്): സാജന് വര്‍ഗീസ്
കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്: ഡോ. സുനിത പോളെപ്പള്ളി, ജയ് ബേദി
എക്സലന്‍സ് ഇന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്: ഡോ. സുജീത് റെഡ്ഡി പുന്നം (കാര്‍ഡിയോളജിസ്റ്റ്)
ഡോ. സാം ചാക്കോ, ഡോ. കല ഷാഹി, ജെയിംസ് ചാക്കോ, സാം ടി. സാമുവല്‍, അഭിനേതാക്കളായ ഡോ. നിഹാരിക റൈസാദ, മീര നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാത്യു സാമുവല്‍, ഷാന്‍ ജസ്റ്റസ്, സ്ഥാപക ചെയര്മാന് ജിന്‍സ്മോന്‍ സക്കറിയ എന്നിവര്‍ക്ക് പ്രത്യേക ആദര ഫലകങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന് നടന്ന വിരുന്നോടെ സമ്മേളനം സമാപിച്ചു.
The 11th IAPC International Media Conference concluded, upholding media freedom and excellence in expatriate leadership.



















