ഐ.പി.എല്‍. പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ 649-ാമത് ഓണ്‍ലൈന്‍ സെഷന്‍ അനുഗ്രഹകരമായി സമാപിച്ചു

ഐ.പി.എല്‍. പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ 649-ാമത് ഓണ്‍ലൈന്‍ സെഷന്‍ അനുഗ്രഹകരമായി സമാപിച്ചു

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈന്‍ (IPL) ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ 649-ാമത് സെഷന്‍ ഒക്ടോബര് 20ചൊവ്വാഴ്ച ടെലിഫോണ്‍ കോണ്‍ഫറന്‍സ് വഴി വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തു.

ഡിട്രോയിറ്റില്‍ നിന്നുള്ള സി. വി. സാമുവലിന്റെ സ്വാഗതത്തോടും ആമുഖ സന്ദേശത്തോടും കൂടി ആരംഭിച്ച യോഗത്തില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള സന്തോഷ് അബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഡാളസില്‍ നിന്നുള്ള ഷാജി രാമപുരം വിശുദ്ധ വേദപുസ്തകത്തില്‍ നിന്ന് 2 പത്രോസ് 3:14-18 വരെയുള്ള ഭാഗങ്ങള്‍ വായിച്ചു.

യോഗത്തില്‍ തിരുവല്ലയില്‍ നിന്നുള്ള പ്രമുഖ ദൈവവചന പ്രാസംഗികന്‍ പ്രൊഫ. ഡോ. ജോര്‍ജ് മാത്യു (ഫിലാഡല്‍ഫിയ) മുഖ്യ പ്രഭാഷണം നടത്തി. ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ദൈവകൃപയില്‍ ആശ്രയിച്ച് മുന്നേറേണ്ടതിന്റെയും വചന ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ക്രിസ്തുവിനെ കൂടുതല്‍ ആഴത്തില്‍ അറിയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുടുംബജീവിതത്തിലൂടെയും സമൂഹത്തിലൂടെയും ദൈവനാമം മഹത്വപ്പെടുത്താന്‍ ഏവരും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഹൂസ്റ്റണില്‍ നിന്നുള്ള വല്‍സ മാത്യു ലോക സമാധാനത്തിനും വിവിധ ആവശ്യങ്ങള്‍ക്കുമായി മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹൂസ്റ്റണില്‍ നിന്നുള്ള ടി. എ. മാത്യു നന്ദിയും അറിയിപ്പുകളും രേഖപ്പെടുത്തി. ലബ്ബോക്കില്‍ നിന്നുള്ള റവ. ജെയിംസ് കെ. ജോണിന്റെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പരിസമാപ്തിയിലെത്തി. ഷിജു ജോര്‍ജ്, ജോസഫ് ടി. ജോര്‍ജ് (രാജു) എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഏകോപിപ്പിച്ചു.

ഐ.പി.എല്‍. പ്രാര്‍ത്ഥനായോഗത്തിന്റെ 650-ാമത് സെഷന്‍ അടുത്ത ആഴ്ച ഒക്ടോബര്‍ 27 ചൊവ്വാഴ്ച നടക്കും. ന്യൂജേഴ്‌സിയില്‍ നിന്നുള്ള റവ. പ്രതേഷ് ഉമ്മന്‍ യോഗത്തില്‍ വചനസന്ദേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതിനുമായി 1-712-770-4821 (Access Code: 530464#) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

The 649th online session of the IPL Prayer Fellowship concluded successfully and was a blessed event.

Share Email
Top