ചരിത്രം തിരുത്താന്‍ ഇറങ്ങിയവര്‍ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വര്‍ഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയില്‍ കണ്‍സര്‍വേറ്റീവ് ഭരണം

ചരിത്രം തിരുത്താന്‍ ഇറങ്ങിയവര്‍ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വര്‍ഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയില്‍ കണ്‍സര്‍വേറ്റീവ് ഭരണം

ഷിബു കിഴക്കേകുറ്റ് കാനഡ

വിക്ടോറിയ : അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ ഭരണാധികാരികള്‍ക്കുതന്നെ വിനയായി മാറാറുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ ശനിയാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതും അതുതന്നെ. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി രണ്ടുവര്‍ഷം മുമ്പേ തിരഞ്ഞെടുപ്പിനെ നേരിട്ട ഡേവിഡ് ഇബിയുടെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജനവിധിയില്‍ കനത്ത തിരിച്ചടി. 93 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും പ്രവിശ്യയുടെ ഭരണസാരഥ്യത്തിലേക്ക് എത്തുകയാണ്.

അഞ്ചാഴ്ച മുമ്പുവരെ ആഭ്യന്തര കലഹങ്ങളും നേതൃത്വപ്രതിസന്ധിയും കാരണം തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയത്. പാര്‍ട്ടിയുടെ ഇടക്കാല നേതാവായി ചുമതലയേറ്റ ലോണ്‍ ഡോര്‍ക്സണ്‍ ബ്രിട്ടീഷ് കൊളംബിയയുടെ അടുത്ത പ്രീമിയറാകുമെന്ന് ഉറപ്പായി. അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡേവിഡ് ഇബി എന്‍.ഡി.പി നേതൃത്വത്തില്‍നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചു.

93 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 47 സീറ്റുകളാണ് വേണ്ടത്. ഞായറാഴ്ച പുറത്തുവന്ന പ്രാഥമിക കണക്കുകള്‍ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ ഏകദേശം 64 മണ്ഡലങ്ങളില്‍ വിജയിക്കുകയോ മുന്നിട്ടുനില്‍ക്കുകയോ ചെയ്തപ്പോള്‍ എന്‍.ഡി.പി 27 സീറ്റുകളിലേക്കും ഗ്രീന്‍ പാര്‍ട്ടി രണ്ട് സീറ്റുകളിലേക്കും ചുരുങ്ങി. കണ്‍സര്‍വേറ്റീവുകള്‍ക്ക് 48 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചു. എന്‍.ഡി.പിക്ക് 37 ശതമാനവും ഗ്രീന്‍ പാര്‍ട്ടിക്ക് 11 ശതമാനത്തോളവുമാണ് വോട്ടുവിഹിതം.

തിരഞ്ഞെടുപ്പ് ഫലത്തെക്കാള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമാണ്. 2028-ല്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഈ വര്‍ഷം സെപ്റ്റംബര്‍ 22-ന് അപ്രതീക്ഷിതമായി പ്രഖ്യാപിക്കുമ്പോള്‍ ഇബിക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. അമേരിക്കയുടെ വ്യാപാരനയങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും നേരിടാന്‍ കൂടുതല്‍ ശക്തമായ ജനവിധി ആവശ്യമാണെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രതിസന്ധി ഭരണപക്ഷത്തിന് അനുകൂലമായ അവസരമൊരുക്കിയെന്ന വിലയിരുത്തലും ശക്തമായിരുന്നു.

കണ്‍സര്‍വേറ്റീവ് നേതൃത്വത്തില്‍നിന്ന് കെറി-ലിന്‍ ഫിന്‍ഡ്ലേ രാജിവച്ചതോടെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുമെന്നായിരുന്നു പൊതുവായ ധാരണ. എന്നാല്‍ സെപ്റ്റംബര്‍ 20-ന് ഇടക്കാല നേതാവായി ചുമതലയേറ്റ ലോണ്‍ ഡോര്‍ക്സണ്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടിയെ ഒന്നിപ്പിച്ചു. പുറത്തുപോയ നിയമസഭാംഗങ്ങളില്‍ ചിലര്‍ തിരിച്ചെത്തി. നേതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കുപകരം തിരഞ്ഞെടുപ്പ് വിജയമെന്ന പൊതുലക്ഷ്യത്തിലേക്ക് പാര്‍ട്ടി നീങ്ങി.

ഈ മാറ്റത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുന്നതില്‍ ഭരണപക്ഷത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ദുര്‍ബലമായിരുന്ന പ്രതിപക്ഷം വോട്ടെടുപ്പിന്റെ സമയമായപ്പോഴേക്കും ശക്തമായ വെല്ലുവിളിയായി മാറി.

ബ്രിട്ടീഷ് കൊളംബിയയുടെ രാഷ്ട്രീയ ചരിത്രത്തില്‍ കണ്‍സര്‍വേറ്റീവുകളുടെ തിരിച്ചുവരവിന് പ്രത്യേക പ്രാധാന്യമുണ്ട്. 1928-ല്‍ സൈമണ്‍ ഫ്രേസര്‍ ടോള്‍മിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി അവസാനമായി ഒരു പ്രവിശ്യാ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1933-ല്‍ ആ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചു. പിന്നീട് സോഷ്യല്‍ ക്രെഡിറ്റ് പാര്‍ട്ടിയും ബി.സി ലിബറലുകളും ഉള്‍പ്പെടെയുള്ള മധ്യവലതുപക്ഷ രാഷ്ട്രീയശക്തികള്‍ പ്രവിശ്യയില്‍ അധികാരത്തിലെത്തിയെങ്കിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്വന്തം പേരില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല.

2020-ലെ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനത്തില്‍ താഴെ മാത്രം വോട്ട് നേടിയ പാര്‍ട്ടി 2024-ല്‍ 44 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി വളര്‍ന്നു. രണ്ടുവര്‍ഷത്തിനിപ്പുറം ഭരണത്തിലേക്കുള്ള കുതിപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

കണ്‍സര്‍വേറ്റീവുകളുടെ വിജയത്തിന് പിന്നില്‍ ഭരണവിരുദ്ധ വികാരം മാത്രമാണെന്ന് വിലയിരുത്താനാവില്ല. ജീവിതച്ചെലവ് വര്‍ധന, വീടുകളുടെ വിലയും വാടകയും, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പ്രതിസന്ധികള്‍, തൊഴില്‍സാധ്യതകള്‍, സര്‍ക്കാര്‍ ചെലവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായകമായി. നികുതിഭാരം കുറയ്ക്കുമെന്നും ഭവനനിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ ലളിതമാക്കുമെന്നും വ്യവസായ നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, കണ്‍സര്‍വേറ്റീവുകളുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വിവാദങ്ങളില്‍നിന്ന് മുക്തമായിരുന്നില്ല. സ്ഥാനാര്‍ഥികളുടെ മുന്‍കാല പരാമര്‍ശങ്ങളും ചില പ്രചാരണനിലപാടുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ ഈ വിവാദങ്ങള്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റത്തെ തടഞ്ഞില്ല.

വിജയപ്രസംഗത്തില്‍ പ്രവിശ്യയുടെ സാമ്പത്തികശേഷി വര്‍ധിപ്പിക്കുമെന്നും എല്ലാ പ്രദേശങ്ങള്‍ക്കും വികസനത്തിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും ഡോര്‍ക്സണ്‍ പ്രഖ്യാപിച്ചു. മുന്‍ പത്രപ്രസാധകനും കാരിബൂ-ചില്‍കോട്ടിന്‍ മണ്ഡലത്തിലെ നിയമസഭാംഗവുമായ അദ്ദേഹത്തിന്റെ അതിവേഗ രാഷ്ട്രീയ ഉയര്‍ച്ചയും കനേഡിയന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

എന്നാല്‍ തിരഞ്ഞെടുപ്പ് വിജയം ഭരണവിജയമായി മാറ്റുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയും പൊതുസേവനങ്ങളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക, ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുക, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളായിരിക്കും ഇനി വിലയിരുത്തപ്പെടുക.

മറുവശത്ത്, ഒന്‍പത് വര്‍ഷത്തെ ഭരണത്തിനുശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന എന്‍.ഡി.പിക്ക് നേതൃത്വവും രാഷ്ട്രീയനയങ്ങളും പുനഃപരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. ഡേവിഡ് ഇബി

Those who set out to rewrite history have themselves become history; a setback for the ruling party’s political over-cleverness—Conservative rule returns to British Columbia after 93 years.

Share Email
LATEST excelnclexrn
Top