ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കന്‍സാസില്‍ 24കാരന്‍ അറസ്റ്റില്‍

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കന്‍സാസില്‍ 24കാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കന്‍സാസില്‍ നടക്കുന്ന റാലിക്കിടെ വെടിവെച്ചുകൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. കന്‍സാസ് സ്വദേശിയായ ജേഡന്‍ റീഡ് (24) ആണ് പിടിയിലായത്. തിങ്കളാഴ്ച സംസ്ഥാനത്ത് ട്രംപ് പങ്കെടുക്കുന്ന പരിപാടിക്കു മുന്നോടിയായി ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ഭീഷണിസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതായാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്. സംഭവത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കന്‍സാസിലെ ക്ലിയര്‍വാട്ടറില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ട്രംപിന്റെ കന്‍സാസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാര്‍ത്താ മാധ്യമമായ കെഎകെഇ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ കമന്റായിട്ടാണ് റീഡ് ഭീഷണിസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷലിനുവേണ്ടി പാര്‍ക്ക് സിറ്റിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ട്രംപ് തിങ്കളാഴ്ച വൈകിട്ട് പ്രസംഗിച്ചത്. ട്രംപിനെ വെടിവെക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങളും തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച പരാമര്‍ശങ്ങളും റീഡ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. റാലി നടക്കുന്ന സ്ഥലത്തെക്കുറിച്ചും പ്രസംഗം നടക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരകളെക്കുറിച്ചും തനിക്ക് അറിവുണ്ടെന്ന സൂചന നല്‍കുന്ന സന്ദേശവും ഇയാള്‍ പോസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

മറ്റൊരു വാര്‍ത്തയുടെ കമന്റായും ട്രംപിനെ കന്‍സാസില്‍വെച്ച് വെടിവെക്കണമെന്ന ആഹ്വാനം റീഡ് നടത്തിയതായി പരാതിയില്‍ പറയുന്നു. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെ പരാമര്‍ശിക്കുന്ന തരത്തിലുള്ള സന്ദേശവും ഇയാള്‍ പങ്കുവച്ചതായി അന്വേഷണസംഘം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ച് ലഭിച്ച വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. സമൂഹമാധ്യമങ്ങളില്‍ അവകാശപ്പെട്ടതുപോലെ ആക്രമണത്തിനുള്ള ആസൂത്രണങ്ങള്‍ ഇയാള്‍ യഥാര്‍ഥത്തില്‍ നടത്തിയിരുന്നോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

രാഷ്ട്രീയ അതിക്രമങ്ങളും അതിനുള്ള ഭീഷണികളും അനുവദിക്കില്ലെന്ന് കന്‍സാസിലെ യുഎസ് അറ്റോര്‍ണി റയാന്‍ ക്രീഗ്ഷൗസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായി പ്രകടിപ്പിക്കാന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി അവകാശം നല്‍കുന്നുണ്ടെങ്കിലും അതിന് നിയമപരമായ പരിധികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണഘടന സംരക്ഷിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളില്‍നിന്ന് മാത്രമേ പ്രതികരണങ്ങള്‍ നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തിങ്കളാഴ്ച നടന്ന റാലിയില്‍ ട്രംപ് ഭീഷണികളെക്കുറിച്ച് പരാമര്‍ശിച്ചില്ല. വിഷയത്തില്‍ പ്രതികരണം തേടിയപ്പോള്‍ വൈറ്റ് ഹൗസ് ചോദ്യങ്ങള്‍ യുഎസ് സീക്രട്ട് സര്‍വീസിന് കൈമാറുകയായിരുന്നു.

യുഎസ് സീക്രട്ട് സര്‍വീസ്, യുഎസ് മാര്‍ഷല്‍സ് സര്‍വീസ്, കന്‍സാസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, കന്‍സാസ് ഹൈവേ പട്രോള്‍, വിചിറ്റ പൊലീസ് വകുപ്പ് എന്നിവ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പ്രസിഡന്റിന്റെ സുരക്ഷയെ ബാധിക്കാവുന്ന ഭീഷണികള്‍ ഗൗരവത്തോടെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്. റീഡിനെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Threat to shoot and kill Trump; 24-year-old arrested in Kansas

Share Email
Top