ടൈഗർ ഷ്റോഫിന് നേരെ നടന്ന വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അക്രമികൾ ആദ്യം കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത് ബോളിവുഡ് താരം സൽമാൻ ഖാനെയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ സൽമാൻ ഖാന് ചുറ്റുമുള്ള കനത്ത സുരക്ഷാ സന്നാഹങ്ങൾ കാരണം ആ പദ്ധതി നടപ്പിലാക്കാൻ സാധിച്ചില്ല. തുടർന്നാണ് സുരക്ഷ കുറവാണെന്ന് മനസ്സിലാക്കി പ്രതികൾ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ തീരുമാനിച്ചത്.
ഞായറാഴ്ച വൈകീട്ട് മുംബൈ ജൂഹുവിൽ വെച്ചാണ് ടൈഗർ ഷ്റോഫിന് നേരെ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. സംഭവത്തിൽ, യു എസിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി രൺദീപ് മാലിക്കിന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും രൺദീപ് മാലിക്കിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. പുറത്തുവന്ന സ്ക്രീൻഷോട്ടുകളിൽ രൺദീപ് മാലിക്കിന്റെയും അൻമോൽ ബിഷ്ണോയിയുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി ദില്ലി പോലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള നാല് പേരെ ദില്ലി പോലീസ് സ്പെഷ്യൽ സെല്ലാണ് പിടികൂടിയത്. പ്രതികൾക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചു നൽകിയ കുനാൽ, സുമിത്, രാധ, ബബിത എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ടൈഗർ ഷ്രോഫിനെ ആക്രമിച്ച ശേഷം പ്രതികൾ തങ്ങളുടെ ആയുധങ്ങളും മൊബൈൽ ഫോണുകളും നശിപ്പിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
കേസിൽ മുംബൈ കോടതിയിൽ ഹാജരാക്കിയ മുഖ്യപ്രതികളെ ഒക്ടോബർ 31 വരെ (14 ദിവസം) പോലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ എസ്പ്ലനേഡ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഹരിയാന സ്വദേശികളായ റീഹാൻ എന്ന സുക്ക, ഫൂൽ സിംഗ്, ബിഹാറിലെ ബഗുസരായി സ്വദേശി റിതിക് കുർമി എന്ന റോഷൻ എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.



















