ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യ്ക്കിടെ കസ്റ്റഡിയിലായ കോക്ക്റോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ദില്ലി കോടതി ജാമ്യം അനുവദിച്ചു. പൊതുസമാധാനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയിലാണ് 24 മണിക്കൂർ കസ്റ്റഡിക്ക് ശേഷം പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകിയത്. ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ ഐസ (AISA) പ്രസിഡന്റ് നേഹാ ബോറയെയും പോലീസ് വിട്ടയച്ചു.
നേതാക്കളുടെ കസ്റ്റഡി നടപടികൾക്കിടയിലും രാജ്യതലസ്ഥാനത്ത് സമരം രൂക്ഷമായി തുടരുകയാണ്. നിരോധനാജ്ഞ ലംഘിച്ച് കൊണാട്ട് പ്ലേസ്, സെൻട്രൽ പാർക്ക് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി. കനത്ത പോലീസ് സുരക്ഷ നിലനിൽക്കെ അരങ്ങേറിയ മിന്നൽ പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും വൻ സംഘർഷത്തിലും കലാശിച്ചു.
സി.ജെ.പിയുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ആം ആദ്മി പാർട്ടി, ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ (SFI, DYFI, AISA, AISF, AIYF), പൗരാവകാശ പ്രവർത്തകർ എന്നിവർ അണിനിരന്നു. ദേശീയപതാകയേന്തി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു നീക്കി.



















