ഇന്ത്യ ഉള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഈടാക്കുന്ന ഉപരോധ നിയമം മരവിപ്പിച്ച് ട്രംപ് ഭരണകൂടം

ഇന്ത്യ ഉള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഈടാക്കുന്ന ഉപരോധ നിയമം മരവിപ്പിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: റഷ്യക്കെതിരായ ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനും റഷ്യയില്‍നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതിനും അധികാരം നല്‍കിയ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ട്രംപ് കോണ്‍ഗ്രസിനെ അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഊര്‍ജവിതരണം സംബന്ധിച്ച് ധാരണയിലെത്തിയതിന് പിന്നാലെയാണ് നടപടി.

ആഗോള ഊര്‍ജവില കുറയ്ക്കാന്‍ റഷ്യ ഡീസല്‍ വിതരണം ചെയ്യുമെന്ന ധാരണയിലെത്തിയതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷം ടണ്ണിലധികം ഡീസല്‍ റഷ്യ നല്‍കുമെന്നും നവംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും കൂടുതല്‍ ചരക്കുകള്‍ എത്തിക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ ഊര്‍ജവിതരണത്തെ നിയന്ത്രിക്കുന്നതിനൊപ്പം ആഗോള വിപണിയിലെ വിലക്കയറ്റം തടയാനുള്ള നീക്കങ്ങളും അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണ കരോലിനയിലെ സെനറ്ററായിരുന്ന ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരിലുള്ള ‘ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് 2026’ ഒക്ടോബര്‍ ആദ്യമാണ് നിയമമായത്. റഷ്യയില്‍നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ ഭരണകൂടത്തിന് നിയമം അധികാരം നല്‍കുന്നുണ്ട്.

എണ്ണ ആവശ്യകതയുടെ 88 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം നിര്‍ണായകമാണ്. ഓഗസ്റ്റില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 45 ശതമാനവും റഷ്യയില്‍നിന്നായിരുന്നു. പ്രതിദിനം 20.8 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് അന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. റഷ്യന്‍ എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് ഇന്ത്യയുടെ ഊര്‍ജസുരക്ഷയെയും ഇറക്കുമതിച്ചെലവിനെയും ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ആഗോള വിപണിയിലെ എണ്ണലഭ്യതയും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയുടെ സമീപനത്തെ നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഉഭയകക്ഷി ബന്ധത്തിലും ആഗോള ഊര്‍ജവിപണിയിലും നിയമം സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇന്ത്യ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ ഊര്‍ജപ്രതിസന്ധിയും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ എണ്ണവിതരണം കൂടുതല്‍ നിയന്ത്രിക്കുന്നത് ആഗോള വില ഉയര്‍ത്താന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, നിയമത്തെ പിന്തുണച്ചിരുന്ന ദക്ഷിണ കരോലിനയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ നീക്കം.


Trump administration suspends sanctions law that would have imposed 100% tariffs on countries purchasing oil from Russia.

Share Email
LATEST excelnclexrn
Top