ന്യൂയോര്‍ക്ക്: വെനസ്വേലയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ കേസ് പരിഗണിച്ചിരുന്ന യുഎസ് ഫെഡറല്‍ കോടതി ജഡ്ജി ആല്വിന് കെ. ഹെല്ലര്സ്റ്റീന് (92) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 93-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മരണം. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയുടെ ചീഫ് ജഡ്ജി ലോറ ടെയ്ലര് സ്വെയിന്‍ ആണ് മരണവിവരം അറിയിച്ചത്.
25 വര്‍ഷത്തിലേറെയായി കോടതിയില്‍ സേവനമനുഷ്ഠിച്ച ഹെല്ലര്സ്റ്റീന് മികച്ച അഭിഭാഷകനും സമര്‍പ്പണബോധമുള്ള ന്യായാധിപനുമായിരുന്നുവെന്ന് സ്വെയിന്‍ അനുസ്മരിച്ചു. സ്വകാര്യ മേഖലയില്‍ ശ്രദ്ധേയമായ നിയമജീവിതം നയിച്ചശേഷമാണ് അദ്ദേഹം ഫെഡറല്‍ ജഡ്ജിയായി ചുമതലയേറ്റത്. മരണംവരെ കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ സേവനം ഏറെ വിലമതിക്കപ്പെടുന്നതാണെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും സ്വെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഹെല്ലര്‍സ്റ്റീന്റെ നിര്യാണത്തില്‍ മഡുറോയുടെ അഭിഭാഷകനും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണവാര്‍ത്തയില്‍ ദുഃഖമുണ്ടെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഭിഭാഷകന് എബിസി ന്യൂസിനോട് പറഞ്ഞു. മഡുറോയ്ക്കെതിരായ കേസിനൊപ്പം നിരവധി പ്രധാന ഫെഡറല്‍ കേസുകളും പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ഹെല്ലര്സ്റ്റീന്.
1998ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണാണ് ഹെല്ലര്സ്റ്റീനെ ഫെഡറല്‍ ജഡ്ജിയായി നിയമിച്ചത്. 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
1933 ഡിസംബര്‍ 28ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ച ഹെല്ലര്സ്റ്റീന് 1956ല്‍ കൊളംബിയ ലോ സ്കൂളില്‍നിന്ന് നിയമബിരുദം നേടി. 1956 മുതല്‍ 1957 വരെ ഫെഡറല്‍ ജഡ്ജി എഡ്മണ്ട് പാല്‍മിയേരിയുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1957 മുതല്‍ 1960 വരെ യുഎസ് സൈന്യത്തിന്റെ നിയമവിഭാഗത്തില്‍ ഫസ്റ്റ് ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ചു. പിന്നീട് ന്യൂയോര്‍ക്കിലെ ഒരു നിയമസ്ഥാപനത്തില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം ക്ലിന്റന്റെ നിയമനത്തെത്തുടര്ന്നാണ് ഫെഡറല്‍ കോടതിയിലെത്തിയത്.
US federal judge Alvin Hellerstein, who was hearing the case of former Venezuelan President Nicolas Maduro, has died



















