Caritas hospital

ജാപ്പനീസ് യുവതി ഹോട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍

ജാപ്പനീസ് യുവതി ഹോട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍

ടോക്യോ: ജപ്പാനിലെ ഒകിനാവയില്‍ ഹോട്ടല്‍ മുറിയില്‍ ജാപ്പനീസ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകവും കവര്‍ച്ചയും സംശയിച്ച് യുഎസ് മറൈന്‍ സൈനികനെ അറസ്റ്റ് ചെയ്തു. സംഭവത്തെ അതീവ ക്രൂരവും ഗുരുതരവുമായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച ജപ്പാന്‍ സര്‍ക്കാര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ചയാണ് യുഎസ് മറൈന്‍ കോര്‍പ്‌സിലെ ലാന്‍സ് കോര്‍പറലിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒകിനാവ പ്രിഫെക്ചറിന്റെ തലസ്ഥാനമായ നാഹയിലെ ഹോട്ടലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ജപ്പാന്‍ പൊതുമാധ്യമമായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് പ്രകാരം ഡെവിന്‍ ജേക്കബ് ബാലാര്‍ഡ് എന്ന 20കാരനാണ് അറസ്റ്റിലായത്. നാഹയ്ക്ക് സമീപമുള്ള യുഎസ് മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷന്‍ ഫ്യൂട്ടന്‍മയില്‍ ഇയാള്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മരിച്ച യുവതിയെ 39 കാരിയായ യാഗി അന്ന എന്നാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് യുവതിയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒകിനാവ പ്രിഫെക്ചറല്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി അറിയിച്ചു.

സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ വിദേശിയെന്ന് തോന്നിക്കുന്ന ഒരാള്‍ യുവതിക്കൊപ്പം ഹോട്ടലില്‍ പ്രവേശിക്കുകയും പിന്നീട് അവരുടെ സാധനങ്ങളുമായി പുറത്തുപോകുകയും ചെയ്തതായി എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ ചില സാധനങ്ങള്‍ ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുടെ മുടിയുടെയും ടാറ്റൂകളുടെയും സാദൃശ്യം ബാലാര്‍ഡിനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ സംശയം. യുവതിയുടെ പേഴ്സും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും ആരോപണമുണ്ട്. രാത്രി ഒകിനാവ സിറ്റിയിലെ വിനോദമേഖലയില്‍ നിന്ന് ബാലാര്‍ഡിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണപൊലീസ് പറയുന്നത്. എന്നാല്‍ യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം ബാലാര്‍ഡ് നിഷേധിച്ചതായി എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായ സൈനികന്റെ വ്യക്തിത്വം യുഎസ് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ ഔദ്യോഗിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. യുഎസ് മറൈന്‍ കോര്‍പ്‌സിന്റെ മൂന്നാം മറൈന്‍ എക്‌സ്‌പെഡിഷണറി ഫോഴ്‌സില്‍ സേവനമനുഷ്ഠിക്കുന്ന സൈനികനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ജാപ്പനീസ് അധികൃതരുമായി പൂര്‍ണമായി സഹകരിക്കുന്നതായി യുഎസ് സൈന്യം അറിയിച്ചു. മരിച്ച യുവതിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും യുഎസ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. ടോക്കിയോയിലെ യുഎസ് എംബസിയും അന്വേഷണത്തില്‍ ജപ്പാനുമായി സഹകരിക്കുന്നതായി വ്യക്തമാക്കി.

US soldier arrested in connection with the killing of a Japanese woman at a hotel.

Share Email
Top