ഇന്ത്യൻ ഐ.ടി തൊഴിലാളികളെ ‘കരാർ തൊഴിലാളികൾ’ എന്ന് വിശേഷിപ്പിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി ഇന്ത്യ. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ തുടങ്ങിയ മുൻനിര ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം വഴി പുതിയ അപേക്ഷകൾ നൽകുന്നതിന് അമേരിക്ക വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ വംശീയ അധിക്ഷേപം. എച്ച്-1ബി (H-1B) വിസയിലടക്കം അമേരിക്കയിലെത്തുന്ന ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാനുള്ള പ്രധാന വഴിയാണ് നിലവിൽ യു.എസ് ഭരണകൂടം മരവിപ്പിച്ചത്.
അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം കുറഞ്ഞ വേതനത്തിന് ഇന്ത്യക്കാരെ നിയമിക്കുന്നത് തട്ടിപ്പാണെന്നും വിദേശ കമ്പനികൾ ഇന്ത്യക്കാരെ വെറും കരാർ തൊഴിലാളികളായാണ് കൊണ്ടുവരുന്നതെന്നുമാണ് ജെ.ഡി. വാൻസിന്റെ ആരോപണം. എന്നാൽ വാൻസിന്റെ പരാമർശങ്ങൾ തികച്ചും അനാവശ്യവും അപലപനീയവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതിക പുരോഗതിയുടെയും വളർച്ചയിൽ ഇന്ത്യൻ പ്രൊഫഷണലുകൾ നൽകിയ അളവറ്റ സംഭാവനകൾ നിഷേധിക്കാനാകില്ലെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തലമുറകളായി കുടിയേറ്റക്കാരുടെ അധ്വാനവും ഉത്സാഹവും കൂടിച്ചേർന്നാണ് അമേരിക്കൻ ചരിത്രവും സമൃദ്ധിയും രൂപപ്പെടുത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. വിസ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ നിലവിലുള്ള എച്ച്-1ബി വിസകളുടെ സാധുതയെയും പ്രൊഫഷണലുകളുടെ നിലനിൽപ്പിനെയും ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ തർക്കം നയതന്ത്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നത്.
അതേസമയം, അമേരിക്കയ്ക്കു മുന്നിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിരുപാധിക കീഴടങ്ങലിന്റെയും ദുർബലമായ വിദേശനയത്തിന്റെയും പ്രത്യാഘാതമാണ് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് നേരിടേണ്ടി വരുന്നതെന്ന് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് കുറ്റപ്പെടുത്തി. വിദേശത്ത് ഭാരതീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര നരേന്ദ്ര മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കോൺഗ്രസ് ആരോപിച്ചു.

















