ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകൾക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ എന്ന പേരിൽ ഒക്ടോബർ 10 മുതൽ 28 വരെ ശക്തമായ പ്രതിഷേധ പരിപാടികളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിലവിൽ ‘ചീറ്റ് കമ്മീഷണർ’ (Cheat Commissioner) ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സമരപരിപാടികളുടെ ഭാഗമായി ഒക്ടോബർ 10 മുതൽ രാജ്യത്തുടനീളം ബ്ലോക്ക് തലത്തിലും ഗ്രാമതലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഇതിനുപുറമെ, ഒക്ടോബർ 25 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾക്കും പാർട്ടി തുടക്കമിടും. നവംബർ 1-ന് ഡൽഹി രാംലീല മൈതാനത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകരെ അണിനിരത്തി മഹാറാലി സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ പ്രധാന ഘട്ടമായി നവംബർ 25, 26 തീയതികളിൽ ‘ചലോ ഡൽഹി’ യാത്ര നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുതിർന്ന 6 പ്രമുഖ നേതാക്കൾ നയിക്കുന്ന 6 വാഹന ജാഥകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യും. വോട്ടവകാശം സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തിയുള്ള സമാനതകളില്ലാത്ത പോരാട്ടത്തിനാണ് കോൺഗ്രസ് നേതൃത്വം നൽകുന്നതെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി.


















